ടെഹ്‌റാന്‍: കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിയുടെ മകൻ മുജ്തബ ഇറാന്റെ പുതിയ പരമോന്നത നേതാവ്. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മുജ്തബ ഖമനയി. 88 പുരോഹിതന്മാരടങ്ങുന്ന വിദഗ്ധ സംഘമാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. നിര്‍ണായകമായ തെരഞ്ഞെടുപ്പിലൂടെ മുജ്തബ ഖമനയിയെ ഇറാന്റെ മൂന്നാമത്തെ നേതാവായി നിയമിച്ചതായി അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
മുജ്തബ ഖമനയി ‘ഹൊജ്ജത്തുൽ ഇസ്ലാം’ എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാന്റെ ഭരണസംവിധാനത്തിൽ നിർണ്ണായക സ്വാധീനമുള്ള വ്യക്തിയാണ് മുജ്തബ. ഇറാനിൽ 2009-ലെ തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ മുജ്തബ ഖമനയി നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ഐ ആർ ജി എസിലെ അർദ്ധസൈനിക വിഭാഗമായ ബസിജിന്റെ നിയന്ത്രണം മുജ്തബയ്ക്കായിരുന്നു. 1987-1988 കാലഘട്ടത്തിൽ ഇറാൻ- ഇറാഖ് യുദ്ധത്തിലും മുജ്തബ പങ്കെടുത്തിട്ടുണ്ട്. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ പിതാവ് അലി ഖമനയിക്കൊപ്പം മോജ്തബയുടെ മകനും ഭാര്യയും അമ്മയും കൊല്ലപ്പെട്ടിരുന്നു.
ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയുടെ വധത്തിന് പിന്നാലെ ആരാകും അടുത്ത പരമോന്നത നേതാവ് എന്ന കാര്യം ഉറ്റുനോക്കുകയായിരുന്നു ലോകം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഏറ്റവുമധികം ഉയര്‍ന്ന് കേട്ടിരുന്ന പേരും മുജ്തബയുടേതായിരുന്നു. ആയത്തൊള്ള അലിറസ അറാഫി, മൊഹ്‌സെന്‍ ഖോമി, ഹസ്സന്‍ ഖൊമൈനി, മുഹമ്മദ് മെഹ്ദി മിര്‍ബഗേരി തുടങ്ങിയവരുടെ പേരും പരമോന്നത നേതാവ് സ്ഥാനത്തേക്കുള്ള സാധ്യത പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
SUMMARY: Mojtaba Khamenei is Iran’s new supreme leader















