മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യാ നായര്‍ക്ക് ഓസ്‌ട്രേലിയയില്‍ ഒന്നേകാല്‍ ലക്ഷം രൂപ പിഴ ചുമത്തി. മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. പതിനഞ്ച് സെന്റീമീറ്ററോളം മുല്ലപ്പൂവാണ് നവ്യ കൈവശം വെച്ചിരുന്നത്. ഇത് രാജ്യത്തിന്റെ ജൈവ സുരക്ഷാ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നവ്യയ്‌ക്കെതിരെ പിഴ ചുമത്തിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ സംസാരിക്കവെ നടി തന്നെയാണ് തന്റെ അനുഭവം തുറന്ന് പറഞ്ഞത്. മുല്ലപ്പൂവ് കൊണ്ടുപോകാന്‍ പാടില്ല എന്ന നിയമം തനിക്ക് അറിയില്ലായിരുന്നു എന്നും നവ്യ വ്യക്തമാക്കി.
‘ഇങ്ങോട്ട് വരുന്നതിന് മുമ്പ് അച്ഛനാണ് എനിക്ക് മുല്ലപ്പൂവ് വാങ്ങിത്തന്നത്. രണ്ട് കഷ്ണങ്ങളാക്കി മുറിച്ചാണ് എനിക്ക് തന്നത്. കൊച്ചി മുതല്‍ സിങ്കപ്പൂര്‍ വരെ ഒരു കഷ്ണം മുടിയില്‍ ചൂടാൻ അച്ഛന്‍ പറഞ്ഞു. സിങ്കപ്പൂരെത്തുമ്പോഴേക്കും അത് വാടിപ്പോകും. സിങ്കപ്പൂരില്‍ നിന്ന് രണ്ടാമത്തെ കഷ്ണം ചൂടാമെന്നും അത് ഹാന്‍ഡ്ബാഗില്‍ വെക്കാനും അച്ഛൻ പറഞ്ഞു.
ഒരു ക്യാരിബാഗിലാക്കി ഞാന്‍ മുല്ലപ്പൂവ് എന്റെ ഹാന്‍ഡ് ബാഗില്‍ വച്ചു.എന്നാല്‍ ഞാന്‍ ചെയ്തത് നിയമവിരുദ്ധമായ കാര്യമായിരുന്നു. അറിയാതെ ചെയ്ത തെറ്റ്. അറിവില്ലായ്‌മ ഒഴികഴിവല്ല എന്ന് എനിക്കറിയാം. 15 സെന്റിമീറ്റര്‍ മുല്ലപ്പൂ കൊണ്ടുവന്നതിന് അധികൃതര്‍ എന്നോട് 1,980 ഡോളര്‍ (ഒന്നേകാൽ ലക്ഷത്തോളം രൂപ) പിഴ അടയ്‌ക്കാന്‍ ആവശ്യപ്പെട്ടു. തെറ്റ് തെറ്റ് തന്നെയാണ് എന്ന് എനിക്കറിയാം. പക്ഷേ അത് മനഃപൂര്‍വമായിരുന്നില്ല. 28 ദിവസത്തിനകം പിഴ അടയ്‌ക്കണമെന്നാണ് അവര്‍ എന്നോട് പറഞ്ഞത്.’ -നവ്യ നായർ പറഞ്ഞു.
SUMMARY: Navya Nair fined Rs 1.5 lakh in Australia for possessing 15 cm jasmine flower