ന്യൂഡല്‍ഹി: രാജ്യത്ത് ഒന്‍പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് അടുത്ത പശ്ചിമ ബംഗാളിനാണ് പ്രഥമ പരിഗണന നല്‍കിയത്. ഏഴ് സര്‍വീസുകളാണ് അനുവദിച്ചത്. അസമില്‍ നിന്ന് രണ്ടു സര്‍വീസുകളും നടത്തും. ഈ ട്രെയിനുകള്‍ യാത്രമധ്യേ ബീഹാര്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ അഞ്ച് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കും. അതേസമയം കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല.
സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ആധുനികവും സൗകര്യപ്രദവുമായ യാത്രാനുഭവം നൽകുന്ന അമൃത് ഭാരത് എക്‌സ്പ്രസിലെ എല്ലാ കോച്ചുകളും നോണ്‍ എസിയാണ്
ഗുവാഹത്തിയിൽ നിന്ന് റോഹ്തക്, ദിബ്രുഗഡ് മുതൽ ലഖ്‌നൗ, ന്യൂ ജൽപായ്ഗുരി മുതൽ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി, നാഗർകോവിൽ എന്നിവിടങ്ങളിലേക്കും സർവീസ് ഉണ്ടാകും. ബംഗാളിലെ അലിപുർദ്വാറിൽ നിന്ന് ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലേക്കും കൊൽക്കത്തയിൽ നിന്ന് താമ്പരം, ബനാറസ്, ആനന്ദ് വിഹാർ എന്നിവിടങ്ങളിലേക്കും പുതിയ സർവീസുകൾ ആരംഭിക്കും.
2023 ഡിസംബറിൽ ആരംഭിച്ച ശേഷം 30 അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ സർവീസിലുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഒൻപത് പുതിയ സർവീസുകൾ കൂടി കൂട്ടിച്ചേർക്കപ്പെടും.
SUMMARY: Nine Amrit Bharat trains announced; Service from Bengal to Bengaluru, Kerala has none













