കൊച്ചി: ദേശീയപാത 66-ല് നാട്ടികയിലെ ടോള് പിരിവിന് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചില്ല. ടോള് പിരിവ് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ബുധനാഴ്ച പരിഗണിച്ച കോടതി, കേസില് ദേശീയപാത അതോറിറ്റിയോടും ജില്ലാ കളക്ടറോടും റിപ്പോർട്ട് തേടി. ഹർജി മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. സർവീസ് റോഡ് ഉള്പ്പെടെയുള്ള നിർമ്മാണ പ്രവർത്തികള് പൂർത്തിയാകും മുമ്പ് ടോള് പിരിക്കുന്നത് തടയണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.
എന്നാല് ടോള് പിരിവ് നിർത്തിവെക്കാനാകില്ലെന്ന നിലപാടാണ് എൻ.എച്ച്.എ.ഐ കോടതിയില് സ്വീകരിച്ചത്. നാട്ടികയിലെ ദേശീയപാത നിർമ്മാണത്തില് 51 കിലോമീറ്റർ പ്രവൃത്തി പൂർത്തിയായിട്ടുണ്ടെന്നും ഇനി 9 കിലോമീറ്റർ മാത്രമാണ് ബാക്കിയുള്ളതെന്നും എൻ.എച്ച്.എ.ഐ കോടതിയെ അറിയിച്ചു. വിജ്ഞാപനപ്രകാരം പൂർത്തിയായ 51 കിലോമീറ്റർ ദൂരത്തിന് ടോള് പിരിക്കാൻ അർഹതയുണ്ട്.
പ്രദേശവാസികള്ക്ക് ടോളില് പ്രത്യേക ഇളവുകള് ഏർപ്പെടുത്തിയിട്ടുണ്ടെന്നും, അവർ മാസം 360 രൂപ മാത്രം നല്കിയാല് മതിയെന്നും അധികൃതർ കോടതിയില് വ്യക്തമാക്കി. വിഷയത്തില് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ദേശീയപാത അതോറിറ്റിക്കും ജില്ലാ കളക്ടർക്കും നിർദ്ദേശം നല്കിയ കോടതി, കേസ് പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്ക് മാറ്റി.
SUMMARY: No interim stay on toll collection at Nattika; High Court seeks explanation















