
ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നയിക്കും. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത വികസനത്തിന് നേതൃത്വം നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അതുകൊണ്ടുതന്നെ വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ നയിക്കുന്നത് പിണറായി വിജയനായിരിക്കുമെന്ന് എം എ ബേബി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മുന്നണിയുടെ പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ ജോസ് കെ മാണി, ബിനോയ് വിശ്വം എന്നിവര്‍ മുന്‍നിരയില്‍ തന്നെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്നണിയില്‍ കേരളത്തിലെ ഇന്നത്തെ ഏറ്റവും പ്രമുഖനായ നേതാവ് പിണറായി വിജയനാണ്. സമര്‍ത്ഥനായ, കാര്യക്ഷമതയുള്ള, ജനകീയനായ നേതാവാണ് എന്നതുകൊണ്ടാണ് അദ്ദേഹത്തിനുനേരെ ഒറ്റതിരിഞ്ഞ ആക്രമണം നടക്കുന്നതെന്നും എംഎ ബേബി പറഞ്ഞു. ഏതെങ്കിലും ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ചായിരിക്കില്ല തിരഞ്ഞെടുപ്പിന് ഒരുങ്ങുക. പല പാര്‍ട്ടികള്‍ ചേര്‍ന്ന മുന്നണിയാണ് എല്‍ഡിഎഫ്, അതില്‍പ്പെട്ട പ്രധാന നേതാക്കളെല്ലാം തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുണ്ടാകും.
എല്ലാ പാര്‍ട്ടികളിലെ നേതാക്കളും എല്‍ഡിഎഫ് പോരാട്ടത്തില്‍ നായകസ്ഥാനത്ത് ഉണ്ടാകും. യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനം സ്വപ്‌നം കാണുന്ന നിരവധി നേതാക്കളുണ്ടെന്നും ബേബി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലുള്ളത് ജനപക്ഷ രാഷ്ട്രീയത്തിന്റെ പ്രേമികളാണ്. അതില്‍ വ്യത്യസ്ത ഉത്തരവാദിത്വങ്ങള്‍ ആര് ഏറ്റെടുക്കും എന്നത് എല്‍ഡിഎഫിന്റെ മുമ്പില്‍ ഉയര്‍ന്നുവരുമ്പോള്‍ ആ സമയത്ത് ഉത്തരം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമം നടക്കുന്നതായി എം എ ബേബി ആരോപിച്ചു. വി ഡി സതീശന്‍ ഗോള്‍വാക്കറിന്റെ മുന്നില്‍ വിളക്ക് കൊളുത്തി തൊഴുത് നില്‍ക്കുന്ന രംഗം താന്‍ ഓര്‍ക്കുകയാണ്. ഇത് സിപിഐഎമ്മിനോ ഇടതുപക്ഷത്തിനോ മതനിരപേക്ഷ രാഷ്ട്രീയ സമീപനം പിന്തുടരുന്നവര്‍ക്കോ ആലോചിക്കാന്‍ പറ്റാത്ത കാര്യമാണെന്ന് എം എ ബേബി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ അവസരപരമായ സഖ്യങ്ങള്‍ ഉണ്ടാക്കിക്കൊണ്ടുള്ള ജയം അംഗീകരിക്കാന്‍ കഴിയില്ല. സിപിഐഎം മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നുവെന്നത് ആരോപണം മാത്രമാണെന്നും എം എ ബേബി വ്യക്തമാക്കി. സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി.
SUMMARY: Pinarayi will lead the LDF in the assembly elections: M.A. baby














