
ന്യൂഡൽഹി: പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മാർക്ക് ടുള്ളി (90) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 22 വർഷക്കാലം ബിബിസിയുടെ ഡല്‍ഹി ബ്യൂറോ ചീഫായിരുന്നു. ദീർഘകാലമായി അസുഖ ബാധിതനായിരുന്ന മാർക് ടുള്ളിയെ കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മാർക് അന്തരിച്ച വിവരം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും പത്രപ്രവർത്തകനുമായ സതീഷ് ജേക്കബ് ആണ് പുറത്തുവിട്ടത്. 1935-ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച ടുള്ളി, ബ്രിട്ടനിലെ വിദ്യാഭ്യാസത്തിന് ശേഷം 1964-ലാണ് ബിബിസിയില്‍ ചേരുന്നത്. തുടർന്ന് ഏകദേശം 22 വർഷത്തോളം ബിബിസിയുടെ ഡല്‍ഹി ബ്യൂറോ ചീഫായി അദ്ദേഹം പ്രവർത്തിച്ചു.
ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യയില്‍ നിന്ന് മാറിനിന്നെങ്കിലും പിന്നീട് തിരിച്ചെത്തിയ അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിലെയും സാമൂഹിക രംഗത്തെയും മാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇന്ദിരാഗാന്ധിയുടെ വധം, സിഖ് വിരുദ്ധ കലാപം, രാജീവ് ഗാന്ധി വധം തുടങ്ങിയ നിർണായക നിമിഷങ്ങളില്‍ ബിബിസിയുടെ വിശ്വസനീയമായ മുഖമായിരുന്നു അദ്ദേഹം.
ബിബിസിയില്‍ നിന്ന് വിരമിച്ച ശേഷവും അദ്ദേഹം ഇന്ത്യയില്‍ തന്നെ താമസം തുടർന്നു. ഇന്ത്യൻ പത്രപ്രവർത്തനത്തിന് നല്‍കിയ അതുല്യമായ സംഭാവനകള്‍ പരിഗണിച്ച് രാജ്യം അദ്ദേഹത്തിന് പത്മശ്രീ, പത്മഭൂഷണ്‍ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
SUMMARY: Prominent journalist Mark Tully passes away














