തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍ പുതുയുഗ യാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. ജനങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിനും അഞ്ച് സുപ്രധാന വാഗ്ദാനങ്ങളാണ് രാഹുൽ ഗാന്ധി പ്രഖ‍്യാപിച്ചത്.
കേരളത്തിലെ എല്ലാ സ്ത്രീകൾക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര. കൂടാതെ കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായം. നിലവിലെ ക്ഷേമ പെൻഷൻ 3,000 രൂപയായി ഉയർത്തും. മുൻ മുഖ്യമന്ത്രിയുടെ സ്മരണാർത്ഥം നടപ്പിലാക്കുന്ന പദ്ധതിയിലൂടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വരെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ. സംരംഭങ്ങൾ തുടങ്ങുന്നതിനും മറ്റുമായി യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ പലിശയില്ലാത്ത വായ്പ. കൂടാതെ വയോജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ പ്രത്യേക സർക്കാർ വകുപ്പ് രൂപീകരിക്കൽ എന്നിവയാണ് രാഹുൽ പ്രഖ്യാപിച്ച അഞ്ചിന ഗ്യാരണ്ടികൾ.
ഓരോ കുടുംബങ്ങള്‍ക്കും മികച്ച ആരോഗ്യപരിരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുകയാണ് ഈ പദ്ധതികളുടെ ലക്ഷ്യം. കുടുംബങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ ലഘൂകരിക്കാനും സംരംഭകത്വം, വയോജന സംരക്ഷണം എന്നീ മേഖലകളില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും സഹായകമാകുന്ന രീതിയിലാണ് ഈ വാഗ്ദാനങ്ങൾ രൂപകല്‍പന ചെയ്തിരിക്കുന്നത്.വിശദമായ പ്രകടന പത്രിക വരും ദിവസങ്ങളിൽ പുറത്തിറക്കുമെന്നും യുഡിഎഫ് വ്യക്തമാക്കി.
SUMMARY: Rahul Gandhi makes five big announcements; Free bus travel for women in Kerala, welfare pension to be increased to Rs 3000…















