ന്യൂഡൽഹി: ജൂൺ 18-ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഏഴ് സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. പാർട്ടിയുടെ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കർണാടകയിൽ നിന്ന് വീണ്ടും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. ഖാർഗെക്ക് പുറമെ പവൻ ഖേര, മൻസൂർ അലി ഖാൻ എന്നിവരെയും കർണാടകയിൽ നിന്ന് പാർട്ടി സ്ഥാനാർഥികളായി പ്രഖ്യാപിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 24 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക.
തമിഴ്നാട്ടിൽ നിന്നും പ്രവീൺ ചക്രവർത്തി, മധ്യപ്രദേശിൽ നിന്ന് മീനാക്ഷി നടരാജൻ, രാജസ്ഥാനിൽ നിന്ന് നീരജ് ഡങ്കി,ഝാർഖണ്ഡിൽ നിന്ന് പ്രണവ് ഝാ എന്നിവരും മത്സരിക്കും. അതേസമയം, എൻഡിഎയിലും രാജ്യസഭാ സീറ്റ് വിഭജനം പൂർത്തിയായതായാണ് റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള ജോർജ് കുര്യൻ ഇത്തവണ രാജ്യസഭയിലേക്ക് മത്സരിക്കുന്നവരുടെ പട്ടികയിലില്ല. ഇതോടെ കേന്ദ്ര മന്ത്രി സ്ഥാനവും ജോർജ് കുര്യന് ഒഴിയേണ്ടി വന്നേക്കും.
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, മല്ലികാർജുൻ ഖാർഗെ, ദിഗ്‌വിജയ് സിങ് തുടങ്ങി നിലവിലെ അംഗങ്ങളുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ജൂൺ 18-ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചിരിക്കുന്നത്. ജൂൺ 21 മുതൽ ജൂലൈ 19 വരെയുള്ള തീയതികളിൽ കാലാവധി അവസാനിക്കുന്ന 10 സംസ്ഥാനങ്ങളിലെ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഫലം 18ന് തന്നെ പ്രഖ്യാപിക്കും.
SUMMARY: Rajya Sabha elections: Congress announces seven candidates, Mallikarjun Kharge and Pawan Khera to contest from Karnataka
















