കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിൽ വലിയ രീതിയിൽ കടൽ ഉൾവലിഞ്ഞു. സ്റ്റാര്‍ബക്‌സിന് സമീപം ഏകദേശം 200 മീറ്ററിലധികം ദൂരത്തേക്കാണ് കടല്‍ ഉള്‍വലിഞ്ഞത്. പെട്ടന്നുണ്ടായ പ്രതിഭാസം സന്ദർശകരെ പരിഭ്രാന്തിയിലാക്കിയെങ്കിലും തിരകളില്ലാതെ നിശ്ചലമായ കടൽ കാണാൻ നിരവധിപ്പേരാണ് ഇവിടേക്ക് എത്തിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടൽ അൽപം ഉൾവലിഞ്ഞ സ്ഥിതിയാണ് ഇവിടെ അനുഭവപ്പെടുന്നതെന്നാണ് പ്രദേശവാസികൾ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. എന്നാൽ പെട്ടന്ന് തന്നെ കടൽ പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചെത്താറുമുണ്ട്. എന്നാൽ ഇന്നലെ അനുഭവപ്പെട്ടത് പോലെ ദീർഘ നേരത്തേക്ക് വലിയ രീതിയിൽ കടൽ ഉൾവലിയുന്ന രീതിയല്ല കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.
ഇത് സ്വാഭാവിക പ്രതിഭാസമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഔദ്യോഗികമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെയോ ബന്ധപ്പെട്ട വകുപ്പുകളുടെയോ മുന്നറിയിപ്പുകളോ വിശദീകരണങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ല. സ്‌പെഷ്യല്‍ ബ്രാഞ്ച് പ്രാദേശിക മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു.
SUMMARY: Rare phenomenon; Sea intrudes on Kozhikode beach, water moves more than 200 meters away