ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍പിജി ക്ഷാമം നേരിട്ടേയ്ക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബുക്കിങ്ങില്‍ ഉണ്ടായ ഉയര്‍ച്ചയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നില്‍. എല്‍പിജി റീഫില്ലുകള്‍ക്ക് എണ്ണ വിതരണ കമ്പനികൾ 21 ദിവസത്തെ ലോക്ക്-ഇന്‍ പിരീഡ് ഏര്‍പ്പെടുത്തി. നിയന്ത്രണം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.
രാജ്യത്ത് ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില ഇന്ന് വർധിപ്പിച്ചിരുന്നു. 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 60 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടറിന് 913 രൂപയായി. കേരളത്തിൽ 922 രൂപയാണ്. വാണിജ്യ പാചകവാതകത്തിനും വില കൂട്ടിയിട്ടുണ്ട്. 19 കിലോ സിലിണ്ടറിന് 115 രൂപയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ സിലിണ്ടറിന് 1883 രൂപയായി ഉയര്‍ന്നു. വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പശ്ചിമേഷ്യയില്‍ യുദ്ധഭീതി വിടാതെ തുടരുന്നത് ക്രൂഡ് ഓയില്‍ വിലയെയും ഊര്‍ജഇറക്കുമതിയെയും ബാധിച്ചതാണ് വിലവര്‍ധനവിന് കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വാദം. വാണിജ്യ സിലിണ്ടറിന് വില വര്‍ധിച്ചത് ഹോട്ടല്‍ മേഖലക്കും വ്യവസായ സംരഭകര്‍ക്കും കനത്ത തിരിച്ചടിയായിരിക്കുമെന്നാണ് വിലയിരുത്തല്‍.
SUMMARY: Restrictions on cooking gas booking; 21-day gap to book cylinders















