
ബെംഗളൂരു: മൈസൂരുവിനടുത്ത ഹുന്‍സൂരില്‍ ഇരിക്കൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ നിന്നു 10 കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ 2 പേരെ ബിഹാറില്‍ നിന്നു പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി ദര്‍ഭംഗ നിവാസിയായ ഋഷികേശ് സിംഗ് എന്ന ഛോട്ടു സിംഗ്, ഭഗല്‍പൂര്‍ ജില്ലയിലെ പങ്കജ് കുമാര്‍ എന്ന സതുവ എന്നിവരെയാണു ബിഹാര്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ (എസ്ടിഎഫ്) ബാങ്ക് ആന്‍ഡ് ജ്വല്ലറി സെല്ലിന്റെ സഹായത്തോടെ മൈസൂരു പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും മോഷ്ടിച്ച ബൈക്കും പോലീസ് പിടിച്ചെടുത്തു.
പങ്കജ് കുമാറിനെതിരെ കര്‍ണാടക, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ കേസുകളുള്ളതായി പോലീസ് പറഞ്ഞു. മറ്റു പ്രതികളെയും തൊണ്ടി മുതലും കണ്ടെത്താനുള്ള ശ്രമം നടക്കുന്നതായി മൈസൂരു പോലീസ് സൂപ്രണ്ട് (എസ്.പി.) മല്ലികാർജുൻ ബാലദണ്ടി പറഞ്ഞു.
ഡിസംബര്‍ 28ന് ഉച്ചയോടെയാണ് രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം തോക്കുചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നത്. സംഭവത്തില്‍ ബിഎന്‍എസ് സെക്ഷന്‍ 310(2)/351(2), ആയുധ നിയമം 3/25 എന്നിവ പ്രകാരം ഹുന്‍സൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് അന്വേഷിക്കുന്നതിനായി ഡിഎസ്പി ആനന്ദ് കുമാറിന്റെ നേതൃത്വത്തില്‍ ബാങ്ക് ആന്‍ഡ് ജ്വല്ലറി സെല്ലിന്റെ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.
SUMMARY: Robbery incident at a jewelry store: 2 people arrested














