
അമരാവതി: 16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സാമൂഹിക മാധ്യമ ഉപയോഗം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യുന്നതിന് നിയമം നിർമിക്കാനൊരുങ്ങി ആന്ധ്രപ്രദേശ് സർക്കാർ. ഓൺലൈൻ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളുണ്ടാക്കുന്നതിന് രൂപവത്കരിച്ച മന്ത്രിതല സമിതിയുടെ പ്രധാന പരിഗണനാ വിഷയം ഇതാണെന്ന് ആഭ്യന്തരമന്ത്രി വംഗലപുടി അനിത പറഞ്ഞു.
2025 ഒക്ടോബറിൽ രൂപവത്കരിച്ച സമിതി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അവർ പറഞ്ഞു. മന്ത്രി വംഗലപൂടി അനിതയ്ക്ക് പുറമേ ഐടി മന്ത്രി നാരാ ലോകേഷ് ആരോഗ്യ മന്ത്രി സത്യകുമാർ എന്നിവർ സമിതിയില്‍ അംഗങ്ങളാണ്.
സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും ദുരുപയോഗവും കുട്ടികളെ ബാധിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണു നീക്കം. വിവിധ സംസ്ഥാനങ്ങളും രാജ്യങ്ങളും കുട്ടികളുടെ ഓൺലൈൻ ഉപയോഗം സംബന്ധിച്ച് രൂപവത്കരിച്ച മാനദണ്ഡങ്ങൾ സമിതി പരിശോധിക്കും.
ആസ്ട്രേലിയ അടുത്തിടെ 16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സാമൂഹിക മാധ്യമ ഉപയോഗം വിലക്കി നിയമം പാസാക്കിയിരുന്നു. ഇതും സമിതി പഠിക്കും. നിയന്ത്രണമായാലും നിരോധനമായാലും സാമൂഹിക മാധ്യമ ദുരുപയോഗം തടയുക എന്നതാണ് മുഖ്യ ദൗത്യമെന്നും മന്ത്രി പറഞ്ഞു.
SUMMARY: Social media ban for children; Law coming in Andhra














