ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ വിദ്യാർഥി തീ കൊളുത്തിയത്. നർസിംഗ്പൂർ ജില്ലയിലെ കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രതി സൂര്യാൻഷ് കൊച്ചാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇയാള്‍ക്കെതിരെ അധ്യാപിക നേരത്തെ പരാതി നല്‍കിയിരുന്നു. ഇതേത്തുടർന്നുണ്ടായ വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്നാണ് ആരോപിക്കപ്പെടുന്നത്. പെട്രോള്‍ നിറച്ച കുപ്പിയുമായി പ്രതി അധ്യാപികയുടെ വീട്ടിലേക്ക് പോയി. തുടർന്ന് പെട്രോള്‍ അവരുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തി. പിന്നലെ സംഭവസ്ഥലത്ത് നിന്ന് പ്രതി ഓടി രക്ഷപ്പെട്ടു.
15 ശതമാനത്തോളം പൊള്ളലേറ്റ അധ്യാപികയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെങ്കിലും ജീവന് ഭീഷണിയല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രതിയും അധ്യാപികയും രണ്ട് വർഷത്തിലേറെയായി പരസ്പരം പരിചയമുള്ളവരായിരുന്നു. സൂര്യൻഷിന് അധ്യാപികയോട് പ്രണയം ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.
രണ്ട് വർഷങ്ങള്‍ക്ക് മുമ്പ് സ്കൂളില്‍ നിന്ന് വിദ്യാർഥിയെ പുറത്താക്കുകയും മറ്റൊരു സ്കൂളില്‍ ചേരുകയുമായിരുന്നു. പ്രതിക്കെതിരെ സെക്ഷൻ 124A-യും മറ്റ് പ്രസക്തമായ വകുപ്പുകളും പ്രകാരം കേസെടുത്തിട്ടുണ്ട്. അധ്യാപികയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
SUMMARY: Student tries to set teacher on fire after being rejected for love proposal