കണ്ണൂർ: ഒമ്പതാം ക്ലാസിലെ പരീക്ഷയ്ക്ക് നല്‍കിയത് എട്ടാം ക്ലാസിലെ ചോദ്യക്കടലാസ്. തലശ്ശേരി നോർത്ത് ബിആർസിക്ക് കീഴിലെ ചില സ്കൂളുകളിലാണ് ചോദ്യക്കടലാസ് മാറി നല്‍കിയത്. ഇന്ന് നടക്കുന്ന ഒമ്പതാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യക്കടലാസിന് പകരം പത്തിന് നടക്കേണ്ട എട്ടാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യക്കടലാസാണ് വിതരണത്തിനെത്തിച്ചത്.
കവർ പൊട്ടിച്ച് കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനിടെയാണ് ചോദ്യക്കടലാസ് മാറിയതായി മനസ്സിലാക്കിയത്. അധ്യാപകർ ഉടൻ തന്നെ ബിആർസിയുമായി ബന്ധപ്പെട്ട് ഒൻപതാം ക്ലാസിലെ ചോദ്യക്കടലാസ് എത്തിച്ചു വിതരണം ചെയ്യുകയായിരുന്നു. ഉച്ച തിരിഞ്ഞ് ഒന്നരയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരീക്ഷ രണ്ടരയ്ക്ക് ശേഷമാണ് പല സ്കൂളുകളിലും ആരംഭിച്ചത്.
ചോദ്യക്കടലാസ് മാറിയത് മനസ്സിലാക്കിയതിനാല്‍ വിദ്യാർഥികള്‍ക്ക് വിതരണം ചെയ്തില്ലെന്നാണ് അധ്യാപകർ പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു.
SUMMARY: The question paper of the eighth grade was given for the ninth grade annual examination in Kannur.















