ബെംഗളൂരു: ബെംഗളൂരു അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ മലയാളി യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മയക്കുമരുന്നിന് ഇരകളാകുന്ന പശ്ചാത്തലത്തില്‍ മലയാളി സംഘടനകളുടെ അടിയന്തര ഇടപെടല്‍ അനിവാര്യമെന്ന് ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി അഡ്വ. ബുഷ്റ വളപ്പില്‍. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ ‘ലഹരി’ – വ്യക്തിയിൽ നിന്ന് സമൂഹത്തിലേക്ക് പടരുന്ന വിപത്ത് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മാതാപിതാക്കളുടെ സ്വപ്‌നങ്ങൾ തകര്‍ത്ത് ലഹരി പോലുള്ള മാരക വിപത്തിന് അടിമപ്പെട്ട് ബുദ്ധിയും ബോധവും നഷ്ടപ്പെട്ടു, ജീവച്ഛവമായി മാറുന്ന മക്കളെയും കൊണ്ട് ശിഷ്ട ജീവിതം തള്ളിനേക്കേണ്ടി വരുന്ന, രക്ഷിതാക്കളുടെ നിസ്സഹായാവസ്ഥയാണ് നാം ഇപ്പോള്‍ കാണുന്നതെന്നും അവര്‍ പറഞ്ഞു. ഒരു തലമുറയെ വേരോടെ നശിപ്പിക്കാൻ ശേഷിയുള്ള സാമൂഹിക വിപത്തിനെതിരെ നാം ഒരുമിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അഡ്വ. ബുഷ്‌റ വളപ്പിൽ ഓര്‍മ്മപ്പെടുത്തി. പി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.
തുടര്‍ന്നു നടന്ന ചര്‍ച്ച മാധ്യമപ്രവര്‍ത്തകന്‍ ഉമേഷ് രാമന്‍ ഉദ്ഘാടനം ചെയ്തു. മയക്കുമരുന്നിനെതിരായ പോരാട്ടമെന്നത് പോലീസിന്റെ മാത്രം ചുമതലയല്ല അത് ഓരോ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സംയുക്ത ദൗത്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ലഹരി മാഫിയയുടെ വേരറുക്കാനായി ആഭ്യന്തര വകുപ്പും കേരള പോലീസും ചേര്‍ന്ന് ആരംഭിച്ച മയക്കുമരുന്ന് വിരുദ്ധ കാമ്പയിന്‍ ഓപ്പറേഷന്‍ തൂഫാനെക്കുറിച്ചും കർണാടക സർക്കാരും ബെംഗളൂരു സിറ്റി പോലീസും ആരംഭിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയായ ‘ബേഡ ബ്രോ’-ഓപ്പറേഷൻ റൈസിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
നൂർ മുഹമ്മദ്, കൃഷ്ണൻ നമ്പ്യാർ, സി. കുഞ്ഞപ്പൻ, സഞ്ജീവ് ചിറക്കൽ, ആർ. വി. പിള്ള, ജോഷി, പൊന്നമ്മ ദാസ്, തങ്കമ്മ സുകുമാരൻ, കല്പന പ്രദീപ്, ബലരാമൻ, ഇ ആർ . ഷാജി, പ്രദീപ്. പി. പി. എന്നിവർ സംസാരിച്ചു. മലയാള കലാഭവൻ ജോഷി ഗാനങ്ങളും കൃഷ്ണൻ നമ്പ്യാർ കവിതയും ആലപിച്ചു സെക്രട്ടറി ശ്രീകണ്ഠൻ നായർ നന്ദി പറഞ്ഞു.
















