മുംബൈ: മുബൈയിലെ ഗോരെഗാവ് വെസ്റ്റിലുള്ള അന്‍മോല്‍ ടവേഴ്സ് പാര്‍പ്പിട സമുച്ചയത്തിലെ ലിഫ്റ്റില്‍ ഹൈഡ്രജന്‍ ബലൂണുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. പെട്രോള്‍ പമ്പിന് സമീപമുള്ള ഈ കെട്ടിടത്തിലെ ലിഫ്റ്റിനുള്ളില്‍ തീ പടര്‍ന്നുപിടിക്കുന്ന ഭീതിജനക ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവസമയത്ത് ലിഫ്റ്റിനുള്ളില്‍ ഒരു യുവതിയും രണ്ട് യുവാക്കളുമാണ് ഉണ്ടായിരുന്നത്.
मुंबई हादरली! हायड्रोजन गॅसच्या फुग्यांच्या स्फोटात 3 जण भाजले, अंगावर काटा आणणारा Video समोर #mumbai #balloonblast #hydrogenballoonblast pic.twitter.com/SKivXAwoKZ
— TV9 Marathi (@TV9Marathi) February 4, 2026
സിസിടിവി ദൃശ്യങ്ങളില്‍, ലിഫ്റ്റ് തുറക്കുമ്പോൾ ബാഗും ചെറിയ സ്യൂട്ട്കേസുമായെത്തുന്ന യുവതി ആദ്യം അകത്ത് കയറുന്നത് കാണാം. പിന്നാലെ ഹൈഡ്രജന്‍ നിറച്ച ബലൂണുകളുള്ള വലിയ പ്ലാസ്റ്റിക് ബാഗുമായി ഒരു യുവാവ് ലിഫ്റ്റില്‍ പ്രവേശിച്ചു. തൊട്ടുപിന്നാലെ മറ്റൊരു യുവാവും ലിഫ്റ്റില്‍ കയറി. ലിഫ്റ്റിന്റെ വാതില്‍ അടഞ്ഞ് ചലിക്കാന്‍ തുടങ്ങിയ ഉടനെ വലിയ ശബ്ദത്തോടെ ബലൂണുകള്‍ പൊട്ടിത്തെറിക്കുകയും ലിഫ്റ്റിനുള്ളില്‍ മുഴുവന്‍ തീ നിറയുകയും ചെയ്തു.
ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തീ ശമിച്ചെങ്കിലും, ഭയന്ന മൂവരും ലിഫ്റ്റിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് ഓടിയിറങ്ങുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. അപകടത്തില്‍ ഇവര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. അന്വേഷണത്തില്‍, വഴിയോര വില്‍പ്പനയ്ക്കായി ഹൈഡ്രജന്‍ ഗ്യാസ് നിറച്ച ബലൂണുകള്‍ കൊണ്ടുപോകുകയായിരുന്നുവെന്ന് കണ്ടെത്തി.
ഇത്തരം ജ്വലനശേഷിയുള്ള വാതകങ്ങള്‍ നിറച്ച ബലൂണുകള്‍ ലിഫ്റ്റുകള്‍ വഴി കൊണ്ടുപോകുന്നത് കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണ്. അപകടത്തിന് പിന്നാലെ, ഹൗസിങ് സൊസൈറ്റികള്‍ ഗ്യാസ് നിറച്ച ബലൂണുകളോ സമാന അപകടകരമായ വസ്തുക്കളോ ലിഫ്റ്റുകളില്‍ കൊണ്ടുപോകരുതെന്ന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ലിഫ്റ്റിനുള്ളില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് അപകടത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും പതിഞ്ഞത്.
SUMMARY: Three injured after hydrogen balloons explode inside elevator














