കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബരാസത് ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്ക് നിപ സ്ഥിരീകരിച്ചു. ഇരുവരുടെയും നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ടുകള്‍. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സമ്പര്‍ക്കപ്പട്ടികയില്‍ 120 പേരാണ് ഉളളത്. സര്‍ക്കാര്‍ സംസ്ഥാന തലത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഐസിഎംആറിന്റെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലാണ് നിപ കേസ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. സ്ഥിതിഗതികള്‍ സൂഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്താന്‍ നീക്കം സജീവമാണെന്നും കേന്ദ്ര മെഡിക്കല്‍ സംഘം അറിയിച്ചു.
വവ്വാലുകളിൽ നിന്ന് പകരുന്ന ഒരു ജന്തുജന്യ വൈറസാണ് നിപ വൈറസ്. ഇത് മനുഷ്യരിലും മറ്റ് മൃഗങ്ങളിലും അണുബാധയ്ക്ക് കാരണമാകുന്നു, വളരെ ഉയർന്ന മരണനിരക്ക് ഉള്ള ഒരു രോഗമാണിത്. പന്നികളിലൂടെയും ആട്, കുതിര, നായ്ക്കൾ, പൂച്ചകൾ തുടങ്ങിയ മറ്റ് മൃഗങ്ങളിലൂടെയും ഇത് പടരും. രോഗബാധിതനായ ഒരു മൃഗത്തിന്റെ ശരീരസ്രവങ്ങളുമായി (രക്തം, മലം, മൂത്രം, ഉമിനീർ) ആളുകളോ മൃഗങ്ങളോ സമ്പർക്കം പുലർത്തുന്നത് രോഗ സാധ്യത കൂട്ടുന്നു.
2018-ലാണ് കേരളത്തില്‍ ആദ്യമായി നിപ ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലായിരുന്നു നിപ സ്ഥിരീകരണം. പതിനേഴുപേരാണ് അന്ന് മരിച്ചത്. 2019 ജൂണില്‍ കൊച്ചിയില്‍ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2021 സെപ്റ്റംബറിര്‍ വീണ്ടും കോഴിക്കോട് രോഗബാധയുണ്ടായി. 2023 ഓഗസ്റ്റിലും സെപ്റ്റംബറിലും മലപ്പുറം ജില്ലയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
SUMMARY: Two infected with Nipah virus in West Bengal; The condition is critical














