തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 16 സീറ്റില്‍ എന്‍ഡിഎയും 16 സീറ്റില്‍ എല്‍ഡിഎഫും ഒമ്പത് സീറ്റില്‍ യുഡിഎഫും മുന്നില്‍. ഒരു സീറ്റില്‍ സ്വതന്ത്രനും മുന്നിലാണ്. ഇടത് കോട്ടയായ മുട്ടട ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് വിജയിച്ചു.
363 വോട്ടാണ് വൈഷ്ണ നേടിയത്. 231 വോട്ടാണ് ഇടത് സ്ഥാനാര്‍ഥി അംശു വാമദേവന് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥി അജിത് കുമാറിന് 106 വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. അഭിമാനകരമായ വിജയമാണെന്നും സന്തോഷമുണ്ടെന്നും വൈഷ്ണ സുരേഷ് പ്രതികരിച്ചു. സി.പി.എം. നല്‍കിയ പരാതിയെ തുടർന്ന് വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു.
മുട്ടട വാർഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേർത്തു എന്നായിരുന്നു സി.പി.എമ്മിന്റെ പ്രധാന ആരോപണം. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരി അല്ലാ എന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ്റെ പ്രാഥമിക നടപടിയുണ്ടായത്. എന്നാല്‍, ഇതിനെതിരെ വൈഷ്ണ ഹൈക്കോടതിയെ സമീപിക്കുകയും, കോടതി ഇടപെടലിനെ തുടർന്ന് വോട്ട് ചെയ്യാനും മത്സരിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നല്‍കുകയുമായിരുന്നു.
തിരഞ്ഞെടുപ്പ് വോട്ടർപട്ടികയില്‍ രാഷ്ട്രീയം കലർത്താൻ പാടില്ല എന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തു. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ് നടത്തിയാണ് വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയില്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കിയത്. ഈ നിയമപോരാട്ടത്തിനൊടുവിലാണ് വൈഷ്ണയുടെ മിന്നുന്ന വിജയം.
SUMMARY: UDF’s Vaishna Suresh secures historic victory in Muttada














