കാലിഫോർണിയ: ബഹിരാകാശ നിലയത്തിൽനിന്നും ആരോഗ്യപ്രശ്‌നം നേരിടുന്ന സഞ്ചാരിയുമായി നാസയുടെ ക്രൂ 11 സംഘം ഭൂമിയിലേക്ക് തിരിച്ചു. പുലർച്ചെ നാലോടെയാണ് അണ്‍ഡോക്കിംഗ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഓസ്ട്രേലിയയ്ക്ക് മുകളിൽവച്ചായിരുന്നു അണ്‍ഡോക്കിംഗ്.
ഭൂമിയിലേക്ക് പത്തര മണിക്കൂർ യാത്രയ്ക്കുശേഷം ഉച്ചയ്ക്ക് 2.11ന് പേടകം കടലിൽ ഇറങ്ങും. കാലിഫോർണിയയുടെ തീരത്തോട് ചേർന്നാണ് പേകടം കടലിൽ ഇറങ്ങുക. പ്രത്യേക ബോട്ടുപയോഗിച്ച് പേടകത്തെ വീണ്ടെടുത്ത് യാത്രികരെ സുരക്ഷിതരായി പുറത്തെടുക്കും.
ഫെബ്രുവരിയിൽ മടങ്ങേണ്ടിയിരുന്ന നാലംഗ സംഘത്തിൽ ഒരാൾക്ക് ആരോഗ്യപ്രശ്‌നം നേരിട്ടതോടെയാണ് ദൗത്യം വെട്ടിച്ചുരുക്കി മടങ്ങുന്നത്. നാസയുടെ ബഹിരാകാശ സഞ്ചാരികളായ സീന കാർഡ്മൻ, മൈക്ക് ഫിൻകെ, ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷൻ ഏജൻസിയുടെ ബഹിരാകാശ സഞ്ചാരിയായ കിമിയ യൂയി, റഷ്യയുടെ ഒലേഗ് പ്ലാറ്റെനോവ് എന്നിവരാണ് സംഘത്തിലുള്ളത്. സീന കാർഡ്മൻ, ഒലേഗ് പ്ലാറ്റെനോവ് എന്നിവരുടെ ആദ്യ ബഹിരാകാശയാത്ര ആയിരുന്നു ഇത്. ഫിൻകെയുടെ നാലാം സ്‌പേസ് മിഷനും യൂയിയുടെ രണ്ടാമത്തെതുമാണിത്.
ദൗത്യം പൂർത്തിയാക്കി അടുത്ത മാസം തിരിച്ചുവരേണ്ടിയിരുന്ന സംഘത്തെ ബഹിരാകാശയാത്രികന്‍റെ ആരോഗ്യ പ്രശ്‌നം കണക്കിലെടുത്ത് തിരിച്ചെത്തിക്കാൻ നാസ തീരുമാനിക്കുകയായിരുന്നു. സംഘാംഗത്തിന്റെ ആരോഗ്യ പ്രശ്‌നം കാരണം കഴിഞ്ഞ ആഴ്ച ക്രൂവിന്റെ ബഹിരാകാശ നടത്തവും റദ്ദാക്കിയിരുന്നു. ഓഗസ്റ്റിലാണ് സംഘം ബഹിരാകാശനിലയത്തിൽ എത്തിയത്. നാലംഗ സംഘം ഭൂമിയിലേക്ക് തിരിച്ചതോടെ ബഹിരാകാശ നിലയത്തിൽ നാസയുടെ ക്രിസറ്റഫർ വില്യംസും രണ്ട് റഷ്യൻ സഞ്ചാരികളും മാത്രമാണ് ഉണ്ടാകുക.
245 ദിവസത്തെ ബഹിരാകാശ വാസത്തിനുശേഷമാണ് മടങ്ങുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്‌നം കാരണം ദൗത്യം താത്കാലികമായി നിറുത്തലാക്കി മടങ്ങുന്നത്. ഇന്ത്യൻ വംശജൻ റോണക് ദാവെയാണ് ഡ്രാഗന്റെ മടക്കയാത്ര നിയന്ത്രിക്കുന്നത്. നാസയുടെ ഹ്യൂസ്റ്റൺ ബഹിരാകാശ കേന്ദ്രത്തിലെ ഫ്ലൈറ്റ് ഡയറക്ടറാണ് റോണക് ദാവെ.
SUMMARY: Undocking completed successfully; Crew 11 returns to Earth














