
ദാവോസ്: ഇറക്കുമതി തീരുവകളിൽനിന്ന് പിന്മാറി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്ന എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ പ്രത്യേക തീരുവ ചുമത്തുന്നതില്നിന്നുമാണ് ട്രംപ് പിന്മാറിയത്. സ്വിറ്റ്സര്‍ലണ്ടിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ മനംമാറ്റം.
ഫെബ്രുവരി ഒന്നിന് പ്രാബല്യത്തിൽ വരേണ്ടിയിരുന്ന തീരുവകളാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. മാർക്ക് റൂട്ടെയുമായി നടത്തിയ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നുവെന്നും ഗ്രീൻലൻഡിനും ആർട്ടിക് മേഖലയ്ക്കും വേണ്ടിയുള്ള ഒരു ഭാവി കരാറിന്റെ രൂപരേഖ തയാറായതായും ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.
ഡെന്മാര്ക്ക്, നോര്‍വേ, സ്വീഡന്, ഫ്രാന്‍സ്, യുകെ തുടങ്ങിയ എട്ടു രാജ്യങ്ങള്‍ക്ക് ഫെബ്രുവരി ഒന്നു മുതല്‍ 10 ശതമാനം ഇറക്കുമതി ചുങ്കമാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ ഭാഗമാക്കുന്ന കരാറില്‍ തീരുമാനമായില്ലെങ്കില്‍ ജൂണ്‍ ഒന്ന് മുതല്‍ നികുതി 25 ശതമാനമായി ഉയര്‍ത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
ഗ്രീന്‍ലാന്‍ഡ് യഥാര്‍ഥത്തില്‍ വടക്കേ അമേരിക്കയുടെ ഭാഗമാണെന്നും അതിനാല്‍ അത് അമേരിക്കന്‍ മണ്ണാണെന്നുമാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് പിടിച്ചെടുക്കാന്‍ സൈനിക ശക്തി ഉപയോഗിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ഗ്രീന്‍ലാന്‍ഡിനെ ‘മനോഹരമായ ഒരു വലിയ ഐസ് കഷ്ണം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, തന്ത്രപരമായ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ ഭാഗമാകേണ്ടത് അനിവാര്യമാണെന്നും വാദിച്ചു.
SUMMARY: US President Donald Trump has backed away from a move to impose retaliatory tariffs on eight European countries.














