ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന്റെ തുടർനടപടികള്‍ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം നേതാവ് വിജയ് സിബിഐക്ക് കത്ത് നല്‍കി. ഇനി ചോദ്യം ചെയ്യലുകള്‍ ഉണ്ടെങ്കില്‍ അത് ചെന്നൈയിലോ സംസ്ഥാനത്തെ മറ്റേതെങ്കിലും നഗരങ്ങളിലോ വെച്ചാകണമെന്നാണ് വിജയ്‍യുടെ ആവശ്യം.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണമാണ് ഈ അഭ്യർത്ഥനയെന്ന് വിജയ് കത്തില്‍ വ്യക്തമാക്കി. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാൻ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് അജയ് രാസ്തോഗി കമ്മിറ്റിക്കും വിജയ് കത്തിന്റെ പകർപ്പ് കൈമാറിയിട്ടുണ്ട്. നിയമം അനുസരിക്കുന്ന പൗരൻ എന്ന നിലയില്‍ ഇതുവരെ അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് തവണയാണ് വിജയ് ചോദ്യം ചെയ്യലിന് ഹാജരായത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യല്‍ ഏഴ് മണിക്കൂറോളം നീണ്ടുനിന്നു. ചോദ്യം ചെയ്യലിന് പിന്നാലെ ഇന്നലെ രാത്രി തന്നെ വിജയ് ഡല്‍ഹിയില്‍ നിന്ന് മടങ്ങി.
രാഷ്ട്രീയ എതിരാളികളുടെ അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കാനാണ് ഡല്‍ഹിയില്‍ തുടരാതെ താരം ഉടൻ മടങ്ങിയതെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബർ 27ന് കരൂരില്‍ നടന്ന ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്കാണ് ജീവൻ നഷ്ടമായത്. സുപ്രീം കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് കേസ് സിബിഐ ഏറ്റെടുത്തത്.
SUMMARY: Vijay writes to CBI, demands transfer of investigation to Tamil Nadu















