തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ച വിഴിഞ്ഞം വാർഡിൽ നാളെ പോളിംഗ്. സിറ്റിംഗ് വാർഡ് നിലനിർത്താൻ സിപിഎമ്മും വാർഡ് തിരിച്ചുപിടിക്കാൻ കോൺഗ്രസും വാശിയേറിയ പോരാട്ടത്തിലാണ്. വിഴിഞ്ഞത്ത് ജയിച്ചാൽ കോർപ്പറേഷനിൽ കേവല ഭൂരിപക്ഷം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇടത്-വലത് വിമതന്മാർ അടക്കം ഒൻപത് പേരാണ് മത്സരരംഗത്ത്. അതിശക്തമായ ത്രികോണ മത്സരത്തിനാണ് വിഴിഞ്ഞം സാക്ഷ്യം വഹിക്കുന്നത്.
കഴിഞ്ഞ രണ്ട് തവണയും സിപിഎം കൈപ്പിടിയിലൊതുക്കിയ വാർഡ് ഇത്തവണയും നിലനിർത്തുക എന്നത് എൽഡിഎഫിന് അഭിമാനപ്രശ്നമാണ്. കരുത്തനായ പ്രാദേശിക നേതാവ് എൻ.എ നൗഷാദിനെയാണ് സിപിഎം കളത്തിലിറക്കിയിരിക്കുന്നത്. കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടത് സിപിഎമ്മിന് കടുത്ത ക്ഷീണമായിരിക്കെ സിറ്റിംഗ് വാർഡ് നിലനിർത്തുക അഭിമാന പോരാട്ടമാണ്.
മുൻ ഹാർബർ വാർഡ് കൗൺസിലർ കെ.എച്ച്.സുധീർഖാനെയാണ് ഇത്തവണ യുഡിഎഫ് വിഴിഞ്ഞത്ത് നിർത്തിയത്. സർവശക്തിപുരം ബിനുവിലൂടെ വാർഡ് പിടിച്ചെടുത്ത് കോർപ്പറേഷനിൽ സ്വന്തം നിലയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യം തങ്ങൾക്ക് അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ ക്യാമ്പ്.
അതേസമയം ഇടത് – വലത് മുന്നണികൾക്ക് ഭീഷണിയായി വിമതന്മാരും രംഗത്തുണ്ട്. മുൻ കൗൺസിലർ എൻ.എ.റഷീദാണ് സിപിഎം വിമതൻ. മുൻ യൂത്ത് കോൺഗ്രസ് നേതാവ് ഹിസാൻ ഹുസൈൻ കോൺഗ്രസ് വിമതനാണ്. വിമതന്മാർ വോട്ട് പിടിച്ചാൽ വിഴിഞ്ഞത്ത് എന്തും സംഭവിക്കാം.
വാർഡ് വിഭജനത്തിന് ശേഷം കോർപ്പറേഷനിലെ ഏറ്റവും വലിയ വാർഡുകളിൽ ഒന്നായി മാറിയ വിഴിഞ്ഞത്ത് 13,000-ത്തോളം വോട്ടർമാരാണുള്ളത്. ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് തുല്യ പ്രാധാന്യമുള്ള വോട്ട് ബാങ്കാണ് ഇവിടെയുള്ളത്. സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ജസ്റ്റിൻ ഫ്രാൻസിസിന്റെ മരണത്തോടെയാണ് വിഴിഞ്ഞത്ത് വോട്ടെടുപ്പ് മാറ്റിവച്ചത്.
SUMMARY: Vizhinjam to polling booth tomorrow














