ബെംഗളൂരു: കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരില്‍ അവകാശബോധം ഉണര്‍ത്തി ത്യാഗോജ്ജ്വലസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത വി എസിന്റെ അനുഭവ സമ്പത്ത് ആവേശജനകമാണെന്നും കര്‍ണാടകയിലെ (കൃഷികൂലിഗാരര സംഘട്ടനെ) കര്‍ഷക തൊഴിലാളി യൂണിയന്റെ പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് വിഎസ് തനിക്ക് വഴികാട്ടിയും ഗുരുനാഥനും ആയിരുന്നെന്നും കര്‍ണാടക സിപിഐഎം മുന്‍ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ സഖാവ് ജി എന്‍ നാഗരാജ്.
സ്വാതന്ത്ര്യ സമര സേനാനിയും പുന്നപ്ര -വയലാര്‍ സമര നായകനും സിപിഐഎം മുന്‍ പോളിറ്റ് ബ്യൂറോ അംഗവും മുന്‍ മുഖ്യമന്ത്രിയും ആയിരുന്ന വിഎസ് അച്യുതാനന്ദന്റെ വേര്‍പാടില്‍, സിപിഎസിയും ശാസ്ത്രസാഹിത്യ വേദിയും സംയുക്തമായി ഏര്‍പ്പെടുത്തിയ അനുശോചന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജി എന്‍ നാഗരാജ്.
തൊഴിലാളി- കര്‍ഷകപ്രസ്ഥാനത്തിന്റെ ആസ്ഥാനമായ ബാംഗ്ലൂരിലെ ഇഎംഎസ് ഭവന് തറക്കല്ലിട്ടത് ഇ കെ നായനാരും ഉദ്ഘാടനം ചെയ്തത് വിഎസ് ആണെന്നും ജി എന്‍ നാഗരാജ് പറഞ്ഞു. വിഎസിന്റെ വേര്‍പാട് മലയാളികള്‍ക്കു മാത്രമല്ല, കര്‍ണാടകത്തിനും ഇന്ത്യയിലെ പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്നും ജി എന്‍ പറഞ്ഞു.
സി കുഞ്ഞപ്പന്‍, ഖാദര്‍ മൊയ്തീന്‍, പൊന്നമ്മ ദാസ്, ബി എസ് ഉണ്ണികൃഷ്ണന്‍, കെ ആര്‍ കിഷോര്‍, ഡെന്നിസ് പോള്‍, ടി എം ശ്രീധരന്‍, എം എ ആന്റണി, കെ ബി ഹുസൈന്‍, റീജ റെനീഷ്, തങ്കമ്മ സുകുമാരന്‍, ഗീതാ നാരായണന്‍, കല്‍പ്പന പ്രദീപ്, ജഷീര്‍, എം ബി മോഹന്‍ദാസ്, എ പി നാരായണന്‍, പി പി പ്രദീപ്, ടിവി പ്രതീഷ് എന്നിവര്‍ സംസാരിച്ചു.