കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ നിർണായകമായ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. ശേഷിക്കുന്ന 142 മണ്ഡലങ്ങളിലാണ് ഇന്ന് ജനം വിധിയെഴുതുക. ഏഴ് ജില്ലകളിലായി നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 3.21 കോടി വോട്ടർമാരാണുള്ളത്. 1,448 സ്ഥാനാർഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. കൊൽക്കത്ത നോർത്ത്, കൊൽക്കത്ത സൗത്ത്, ഹൗറ, നാദിയ, നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ്, ഹൂഗ്ലി, പുർബ ബർധമാൻ ജില്ലകളിലെ മണ്ഡലങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.
ഭവാനിപ്പൂരിൽ മുഖ്യമന്ത്രി മമതാ ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും തമ്മിലാണ് പോരാട്ടം. സമാധാനപരവും നീതിയുക്തവുമായ വോട്ടെടുപ്പിന് ഒരുക്കം പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇന്നലെ ഹൗറയിൽ സശസ്ത്ര ശീമ ബൽ (എസ്.എസ്.ബി) ഡയറക്‌ടർ ജനറൽ സഞ്ജയ് സിംഘാളിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്തി.
എൻ.ഐ.എയുടെ സംഘങ്ങളും ബംഗാളിൽ പലയിടത്തായി ക്യാമ്പ് ചെയ്യുന്നു. ഉത്തർപ്രദേശിലെ എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റെന്ന് കുപ്രസിദ്ധി നേടിയ പൊലീസ് ഉദ്യോഗസ്ഥൻ അജയ് പാൽ ശർമ്മയെ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചതിനെ തൃണമൂൽ കോൺഗ്രസ് എതിർത്തു. അന്യായ പ്രവൃത്തികൾ ഉദ്യോഗസ്ഥനിൽ നിന്നുണ്ടായാൽ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. പല മണ്ഡലങ്ങളിലും സ്ത്രീ വോട്ടർമാരാണ് കൂടുതൽ. വനിതാ സംവരണത്തിലും നിയമവിരുദ്ധ കുടിയേറ്റത്തിലും സ്ത്രീ സുരക്ഷയിലുമടക്കം സ്വീകരിച്ച നിലപാട് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുക്കൂട്ടൽ.
ആദ്യഘട്ടത്തിൽ 93.2 എന്ന റെക്കാഡ് വോട്ടുശതമാനം രേഖപ്പെടുത്തിയത് അനുകൂലമാണെന്നാണ് ബി.ജെ.പിയും തൃണമൂലും ഒരുപോലെ അവകാശപ്പെടുന്നത്. കോൺഗ്രസിനായി രാഹുൽ ഗാന്ധിയും സി.പി.എമ്മിനായി ജനറൽ സെക്രട്ടറി എം.എ.ബേബിയും പ്രചാരണത്തിനെത്തിയിരുന്നു. മേയ് നാലിനാണ് ബംഗാൾ, അസാം, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ വോട്ടെണ്ണൽ.
SUMMARY: West Bengal Assembly Elections; Final phase of voting today; 152 constituencies to vote















