ബെംഗളൂരു: വൈദ്യുതി വാങ്ങുന്നതിനുള്ള ചെലവ് വർധിച്ചതിനെത്തുടർന്ന് ബെംഗളൂരുവിലെ ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലുകളിൽ അധിക നിരക്ക് പ്രതിഫലിച്ചേക്കും. സെപ്റ്റംബറിൽ വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നതോടെ ഓപ്പൺ മാർക്കറ്റിൽ നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവന്നതിന്റെ അധിക ചെലവ് ഉപഭോക്താക്കളിൽനിന്ന് ഘട്ടംഘട്ടമായി ഈടാക്കാനാണ് കർണാടക ഊർജവകുപ്പിന്റെ നീക്കം. ഇന്ധന-വൈദ്യുതി വാങ്ങൽ ചെലവ് എഫ്.പി.പി.സി.എ. ( (Fuel and Power Purchase Cost Adjustment – FPPCA) വഴിയാണ് തുക ബില്ലുകളിൽ ഉൾപ്പെടുത്തുക. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിലെ ചെലവുമായി ബന്ധപ്പെട്ടാണ് ഈ നടപടി.
ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിന്റെ (ബെസ്കോം) മാനേജിങ് ഡയറക്ടർ എൻ. ശിവശങ്കരയുടെ വിശദീകരണമനുസരിച്ച്, സാധാരണയായി യൂണിറ്റിന് ഏകദേശം 6 രൂപ മുതൽ 6.15 വരെയാണ് വൈദ്യുതി വാങ്ങുന്നതിനുള്ള ചെലവ്. എന്നാൽ സെപ്റ്റംബറിൽ രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകത വർധിച്ചതോടെ തുറന്ന വിപണിയിൽനിന്ന് യൂണിറ്റിന് ഏകദേശം 10 രൂപ നിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവന്നു.
ഈ അധിക ചെലവ് ഉപഭോക്താക്കളിൽനിന്ന് ഘട്ടംഘട്ടമായി ഈടാക്കുന്നതിനാൽ വൈദ്യുതി ബില്ലിൽ മാറ്റമുണ്ടാകാം. എന്നാൽ വിപണിയിലെ വൈദ്യുതി വാങ്ങൽവില 10 രൂപ ആയി ഉയർന്നതുകൊണ്ട് ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് നേരിട്ട് 10 രൂപ നിരക്ക് ബാധകമാകുന്നില്ല.
എഫ്.പി.പി.സി.എ. നിരക്ക് വൈദ്യുതി ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തുന്ന രീതിയിലാണ് ക്രമീകരണം. വൈദ്യുതി വാങ്ങുന്നതിനുള്ള ചെലവിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ച് ഈ നിരക്ക് കൂടുകയോ കുറയുകയോ ചെയ്യാം. അതേസമയം, സംസ്ഥാന സര്ക്കാരിന്റെ ‘ഗൃഹജ്യോതി’ (Gruha Jyothi) പദ്ധതിപ്രകാരം നിശ്ചിത സൗജന്യ പരിധിക്കുള്ളിൽ (200 യൂണിറ്റ് വരെ) വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഈ വർധനവ് ബാധിക്കില്ല. എന്നാൽ സൗജന്യ പരിധിക്ക് മുകളിൽ ഉപയോഗമുള്ളവർ അധിക തുക നൽകേണ്ടി വരും.
SUMMARY: Electricity tariffs may increase in Bengaluru; the hike will be for three months.
















