തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ അച്ചടക്കവും അവകാശങ്ങളും മുൻനിർത്തി ബാലാവകാശ കമ്മീഷൻ നിർണായക ഉത്തരവ് പുറപ്പെടുവിച്ചു. മൊബൈൽ ഫോൺ ഉപയോഗം, യൂണിഫോം, മുടിയുടെ ക്രമീകരണം, ബാഗ് പരിശോധന, സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ടാണ് പുതിയ നിർദേശങ്ങൾ. പൊതുവിദ്യാഭ്യാസ വകുപ്പ് ഇവ കർശനമായി നടപ്പാക്കണമെന്ന് കമീഷൻ അംഗം ഡോ. എഫ്. വിൽസൺ ഉത്തരവിട്ടു.
സ്കൂൾ സമയത്ത് വിദ്യാർഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗുരുതരമായ അച്ചടക്കലംഘനമായി കാണണം. സ്കൂൾ സമയം അവസാനിക്കുന്നതുവരെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാൻ സ്കൂൾ അധികൃതർ സൗകര്യമൊരുക്കണം. ലഹരിവസ്തുക്കൾ ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ബാഗുകളിൽ ഇല്ലെന്ന് ഉറപ്പാക്കാൻ പരിശോധന നടത്താം. വിദ്യാർഥികളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേൽക്കാത്ത രീതിയിലായിരിക്കണം പരിശോധന.
അച്ചടക്കവുമായി ബന്ധപ്പെട്ട് കുട്ടികളെ അപമാനിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ക്ലാസിൽ നിന്ന് പുറത്താക്കുകയോ ചെയ്യരുത്. മുടി, യൂണിഫോം എന്നിവ സംബന്ധിച്ച് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് സ്കൂൾ അധികൃതർ നിർദേശങ്ങൾ നൽകണം. സ്കൂളുകളിൽ വൃത്തിയുള്ള ശൗചാലയങ്ങളും ആവശ്യത്തിന് വെള്ളവും ഉറപ്പാക്കാൻ നടപടി സ്വീകരിക്കണം. വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം സ്കൂൾ അച്ചടക്കവും വ്യക്തിശുചിത്വവും ഉറപ്പാക്കണം.
ഉത്തരവിലെ ശിപാർശകളിന്മേൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 60 ദിവസത്തിനകം സമർപ്പിക്കണം. പൊതുവിദ്യാഭ്യാസ ഡയറക്ടർ, തദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ, ഡിജിപി, ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവർക്കാണ് നിർദ്ദേശം. സ്കൂൾ അച്ചടക്കവുമായി ബന്ധപ്പെട്ട് ലഭിച്ച വിവിധ പരാതികൾ പരിഗണിച്ചാണ് കമ്മീഷൻ ഉത്തരവ്.
SUMMARY: Restrictions on students’ use of mobile phones and cosmetic products in schools
















