ന്യൂഡല്‍ഹി: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പാക്കേജ്ഡ് കുടിവെള്ളം വിപണിയിലെത്തിച്ചതിന് ബിസ്ലേരി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെ പ്രോസിക്യൂഷന് നടപടിക്ക് അനുമതി നല്കി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). കമ്പനിയുടെ പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടറിൽനിന്നാണ് പരിശോധനക്കായി സാമ്പിൾ ശേഖരിച്ചത്. ലബോറട്ടറി പരിശോധനയിൽ ബ്രോമേറ്റിന്റെ അളവ് അനുവദനീയമായ പരിധി ലംഘിച്ചതായി കണ്ടെത്തിയെന്ന് ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2006ലെ ഭക്ഷ്യസുരക്ഷാ-മാനദണ്ഡ നിയമപ്രകാരം കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകിയത്.
ബിസ്ലേരി ഇന്റര്‍നാഷണലിന്റെ സ്ഥാപനത്തില്‍നിന്ന് ശേഖരിച്ച പാക്കേജ്ഡ് കുടിവെള്ളത്തിന്റെ (മിനറല്‍ വാട്ടര്‍ ഒഴികെയുള്ളത്) സാംപിളിലാണ് ആദ്യം ക്രമക്കേട് കണ്ടെത്തിയത്. പരിശോധനയില്‍ അനുവദനീയ അളവിനേക്കാള്‍ കൂടുതല്‍ ബ്രോമേറ്റ് സാന്നിധ്യം കണ്ടെത്തി. ഇതോടെ 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം സാംപിള്‍ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചതായി എഫ്എസ്എസ്എഐ അറിയിച്ചു. തുടര്‍ന്ന് കമ്പനിയുടെ അപ്പീലിനെത്തുടര്‍ന്ന് സാംപിള്‍ റഫറല്‍ ഫുഡ് ലബോറട്ടറിയിലേക്ക് അയച്ചു. ഇവിടെയും പരിശോധന നടത്തിയപ്പോള്‍ പോളിന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളുടെ സാന്നിധ്യം കണ്ടെത്തി. ഈ പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്ന് സ്ഥിരീകരിച്ചു.
ഭക്ഷ്യവ്യവസായ സ്ഥാപനങ്ങള്‍ക്കും ഇ-കൊമേഴ്സ് കമ്പനികള്‍ക്കുമെതിരായ പരിശോധനകളും നടപടികളും എഫ്എസ്എസ്എഐ അടുത്തിടെ ശക്തമാക്കിയിരുന്നു. എനര്‍ജി ഡ്രിങ്ക്, മദ്യപാനീയങ്ങള്‍ എന്നിവയുടെ നിര്‍മാതാക്കള്‍ക്കെതിരെയും അതോറിറ്റി നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ബിസ്ലേരിയുടെ പാക്ക് ചെയ്ത കുടിവെള്ള സാമ്പിള്‍ പരിശോധിച്ചത്.
SUMMARY: ‘Bottled water sold without adhering to safety standards’; Food Safety Authority prepares to take action against ‘Bisleri’
















