കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യത്തെ നിസ്സാരമായി കാണാനാവില്ലെന്ന് ഹൈകോടതി. സംസ്ഥാന സർക്കാർ നിർദേശിച്ച കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതിന്റെ സാധ്യത പഠനം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നതായും കോടതി വ്യക്തമാക്കി.വിഷയം വീണ്ടും പരിഗണിക്കുമ്പോൾ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിനിധി ഓൺലൈനിൽ ഹാജരായി വിശദാംശങ്ങൾ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
എയിംസ് സ്ഥാപിക്കാനായി പരിഗണിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ കാസർകോടിനെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കിനാലൂരിലെ സ്ഥലം എയിംസ് സ്ഥാപിക്കാനുള്ള കേന്ദ്ര മാർഗരേഖക്ക് ചേർന്നതാണെന്ന് സംസ്ഥാന സർക്കാർ 2025 മെയിൽ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാറാണ് ഇനി തീരുമാനം അറിയിക്കേണ്ടതെന്നും അറിയിച്ചിരുന്നു. തുടർന്നാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറിയോട് മറുപടി സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചത്. എന്നാൽ ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഇക്കാര്യത്തിൽ മറുപടി സമർപ്പിക്കാൻ നാലാഴ്ച സമയം കൂടി വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. എന്നാൽ നാലാഴ്ചയൊന്നും നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എയിംസ് വേണമെന്ന കേരളത്തിന്റെ ആവശ്യം നിസാരമായി കാണാനാവില്ല. അതിനാൽ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നും കോടതി വ്യക്തമാക്കി.
SUMMARY: The demand for AIIMS in Kerala is not trivial; The High Court asked the representative of the central government to appear
















