മുംബൈ: മൂന്ന് വയസുകാരനായ മകനെ പാലത്തില്‍ ഉപേക്ഷിച്ചശേഷം ദമ്പതികള്‍ ഗോദാവരി നദിയില്‍ ചാടി ആത്മഹത്യ ചെയ്‌തതായി സംശയം. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലാണ് സംഭവം. വേല്‍പുര സ്വദേശികളായ ദൊഡ്ഡ സായി (29), ഭാര്യ ശ്രീഷ (28) എന്നിവരെയാണ് കാണാതായത്. വ്യാഴാഴ്‌ച രാത്രി 10 മണിയോടെയാണ് ദമ്പതികള്‍ മകനുമായി സ്‌കൂട്ടറില്‍ പാലത്തിലെത്തിയത്.
തുടർന്ന് കുട്ടിയെ സ്‌കൂട്ടറില്‍ ഇരുത്തിയശേഷം ഇരുവരും കരകവിഞ്ഞൊഴുകുന്ന ഗോദാവരി നദിയിലേക്ക് ചാടിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പാലത്തില്‍ ഏറെനേരമായി ഒറ്റയ്‌ക്കുനിന്ന് കുട്ടി കരയുന്നത് ശ്രദ്ധിച്ച വഴിയാത്രക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. ഉടൻതന്നെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ കുട്ടിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.
ഉദ്യോഗസ്ഥർക്കൊപ്പം പോകുമ്പോഴും കുട്ടി അമ്മയെ വിളിച്ചുകരയുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുന്നതിനായി പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താതെ വന്നതോടെ നദിയില്‍ ചാടിയതാകാമെന്ന് സംശയിച്ചത്. ദമ്പതികളുടെ സ്‌കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കണ്ടെത്തുന്നതിനായി ഗോദാവരി നദിയില്‍ തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. നീന്തല്‍ വിദഗ്ദ്ധരും ബോട്ട് സംഘങ്ങളും ഉള്‍പ്പടെയുള്ളവർ സംയുക്തമായി തെരച്ചില്‍ ആരംഭിച്ചു.
ഡ്രൈവറായ സായി നേരത്തെ ഗള്‍ഫില്‍ ജോലി ചെയ്‌തിരുന്നതായും പിന്നീട് നാട്ടിലേക്ക് മടങ്ങിയെത്തിയതായും പോലീസ് അറിയിച്ചു. ഇയാള്‍ കടബാദ്ധ്യതയും സാമ്പത്തിക പ്രതിസന്ധിയും നേരിട്ടിരുന്നതായി പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വിവരം ലഭിച്ചു. കടക്കെണിയെ തുടർന്ന് ദമ്പതികള്‍ വീട് വില്‍ക്കാൻ ശ്രമിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
SUMMARY: A father and mother jumped into the river with their three-year-old son, whom they had seated on a scooter on the bridge















