കാസറഗോഡ്: യുവതികളുടെ ചിത്രങ്ങള്‍ മോർഫ് ചെയ്ത് അശ്ലീല രൂപത്തിലാക്കി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ഇരിയണ്ണി ബേപ്പ് നിട്ടൂർമൂല സ്വദേശി പി.അനൂപ് (24)നെയാണ് കാസറഗോഡ് സൈബർ ക്രൈം പോലീസ് പിടികൂടിയത്. കഴിഞ്ഞ മാർച്ച് 11 മുതല്‍ 16 വരെയുള്ള ദിവസങ്ങളിലായി മുളിയാർ ഗ്രാമത്തിലെ ഇരിയണ്ണി സ്വദേശിനികളായ മൂന്ന് യുവതികളുടെ ചിത്രങ്ങളാണ് പ്രതി മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.
ഇവരുടെ അറിവോ സമ്മതമോ കൂടാതെ കൈക്കലാക്കിയ ചിത്രങ്ങള്‍ മോർഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി മാറ്റുകയും തുടർന്ന് ‘ടെലിഗ്രാം’ ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിക്കുകയുമായിരുന്നു. യുവതികളുടെ പരാതിയെത്തുടർന്ന് കാസറഗോഡ് സൈബർ പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 12/26 ആയി കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 75 (1) (iii), 78 (1) (ii), ഐടി ആക്‌ട് സെക്ഷൻ 67, 67(A) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കാസറഗോഡ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എച്ച്.മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ഹാർഡ് ഡിസ്‌കുകളും പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
SUMMARY: Studio cameraman arrested for distributing nude photos of young women via Telegram















