ബെംഗളൂരു: 16-കാരൻ സമപ്രായകാരിയായ കൂട്ടുകാരിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി. ബെംഗളൂരു സൗത്ത് ജില്ലയിലെ കനകപുര കെമ്പലനാഥ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. സത്തനൂരിലെ വെങ്കടരായദോഡിയിൽ താമസിക്കുന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ 16-കാരൻ, ഇയാളുടെ മൂത്ത സഹോദരൻ പുട്ടമട (18), അമ്മാവൻ രവി ഹരീഷ് (40) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.
ജൂലായ് പത്തിനാണ് കൊലപാതകം നടന്നത്. പെൺകുട്ടിയെ കാണാനില്ലെന്നും കൊ ലപാതകമാണെന്ന് സംശയമുള്ളതായും കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ സത്താനൂരിലെ ഒരു ബാറിൽ വെച്ച് 16-കാരന്റെ അമ്മാവൻ മദ്യ ലഹരിയില്‍ നാട്ടുകാരില്‍ ഒരാളോടു ഇക്കാര്യം വെളിപ്പെടുത്തി. തന്റെ അനന്തരവൻ ഇരട്ട ബാരൽ തോക്ക് ഉപയോഗിച്ച് പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയതായും മൃതദേഹം അടുത്തുള്ള ഒരു വയലിൽ ഒളിപ്പിച്ചതായും ഇയാള്‍ പറഞ്ഞു. തുടര്‍ന്നു നാട്ടുകാർ ഇക്കാര്യം അറിയിച്ചതിനെത്തുടർന്ന് സത്തനൂർ പോലീസ് സ്ഥലത്തെത്തി ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. പെൺകുട്ടിയെ കൊല്ലാനുപയോഗിച്ച നാടൻ തോക്ക് പോലീസ് കണ്ടെടുത്തു. കെമ്പലനാഥ ഗ്രാമത്തിലെ കൃഷിയിടത്തിൽ കുഴിച്ചിട്ട പെൺകുട്ടിയുടെ മൃതദേഹം പോലീസ് ശനിയാഴ്ച വൈകീട്ടോടെ പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു.
16 വയസ്സുകാരനുമായി സമൂഹമാധ്യമത്തിലൂടെയാണ് പെൺകുട്ടി പ്രണയത്തിലായത്. മുറി വാടകയ്ക്കെടുത്ത് 2 മാസമായി ഇവർ ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. ആൺകുട്ടിയുടെ രക്ഷിതാക്കളുടെ അറിവോടെയായിരുന്നു ഇത്. എന്നാൽ ഒരു പെൺസുഹത്തിന്റെ വീട്ടിൽ താമസിക്കുകയാണെന്നാണ് പെൺകുട്ടി സ്വന്തം വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. പെൺകുട്ടി മറ്റുള്ളവരുമായി ചാറ്റ് ചെയ്യുന്നത് പ്രതിക്ക് ഇഷ്ടമായില്ലെന്നും ഇതാണ് കൃത്യത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.
പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചുമൂടാൻ സഹായിച്ചതിനാണ് മറ്റുരണ്ടുപേരെ അറസ്റ്റുചെയ്തത്. മൂവര്‍ക്കുമെതിരെ പോക്സോ വകുപ്പുകളാണ് ചുമത്തിയത്.
SUMMARY: Live-in partner shot dead and buried; 16-year-old and relatives arrested
















