ന്യൂഡൽഹി: ഡൽഹിയിൽ കളിപ്പാട്ടത്തിനുള്ളിൽ സ്‌ഫോടകവസ്‌തു സ്ഥാപിച്ച് ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ഭീകരർ മുംബയിൽ പിടിയിലായി. ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലും മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡും (എ.ടി.എസ്) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മുംബയ് സ്വദേശികളായ മൊസാബ് അഹ്ദം എന്ന കലാം കല്യാൺ, മുഹമ്മദ് ഹമദ് കൊല്ലാര എന്നിവരെ പിടികൂടിയത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് കൊണ്ടുവന്നു.
ജയ്‌ഷെ മുഹമ്മദ്, ഐഎസ് എന്നീ ഭീകര സംഘടനകളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വഴിയാണ് ഇവര്‍ ഭീകരവാദ ആശയങ്ങളില്‍ ആകൃഷ്ടരായത്. മുംബൈയിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത കുട്ടികളും ഇവരുടെ സ്വാധീന വലയത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടകവസ്തുക്കൾ കൂട്ടിച്ചേർക്കുന്നതിൽ പരിശീലനം നേടിയ പ്രതികൾ കളിപ്പാട്ട കാറിനുള്ളിൽ ബോംബ് ഒളിപ്പിച്ച് ഡൽഹിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം.
വിവിധയിടങ്ങളിൽ നിന്നായി ഒരാഴ്ചയ്ക്കിടെ ഭീകര സംഘടനകളുമായി ബന്ധമുള്ള 10ൽ അധികം പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. നേപ്പാള്‍ അതിര്‍ത്തി വഴി ആയുധം കടത്തിയ രണ്ട് പേരെ ഡൽഹി പോലീസ് പിടികൂടിയിരുന്നു. ഇമ്രാന്, മുഹമ്മദ് കമ്രാന്‍ എന്നിവരാണ് പിടിയിലായത്. ബിഹാറിലെ നളന്ദയില്‍ എന്‍ഐഎയും ബിഹാര്‍ എടിഎസും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
SUMMARY: Jaish terrorists arrested in Delhi for planning toy car blast















