കോഴിക്കോട്: യാത്രയ്ക്കിടെ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ലെന്നാരോപിച്ച് യുവതി കെഎസ്‌ആർടിസി ബസിന്റെ ചില്ല് അടിച്ചുതകർത്തു. പൊതുമുതല്‍ നശിപ്പിച്ചതിന് യുവതിയില്‍ നിന്ന് 25,000 രൂപ പിഴ ഈടാക്കി. കോഴിക്കോട് ലുലു മാളിന് സമീപമാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. കട്ടപ്പന – പുല്‍പ്പള്ളി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസിലെ ജീവനക്കാർക്ക് നേരെയാണ് യാത്രക്കാരി കയർത്തത്.
താൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തണമെന്ന് യുവതി വാശിപിടിച്ചെങ്കിലും സൂപ്പർ ഫാസ്റ്റ് ബസിന് അവിടെ സ്റ്റോപ്പില്ലെന്ന് ഡ്രൈവറും കണ്ടക്ടറും ആവർത്തിച്ച് വ്യക്തമാക്കി. ഇതില്‍ പ്രകോപിതയായ യുവതി ജീവനക്കാരുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്താൻ ശ്രമിക്കുകയും ബസിനുള്ളില്‍ ബഹളം വെക്കുകയും ചെയ്തു. ഒടുവില്‍ പുറത്തിറങ്ങിയ യുവതി ബസിന്റെ വശത്തെ ഗ്ലാസ് അടിച്ച് തകർക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പും പോലീസും ഇടപെട്ട് നടപടിയെടുത്തത്.
SUMMARY: Woman fined Rs 25,000 for breaking Swift bus window
















