ബെംഗളൂരു: വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പങ്കുവെച്ചത്. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ആറു പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിൽ 17 ഭാഷകളിലായി 48,000-ത്തോളം ഗാനങ്ങൾ ആലപിച്ച ഇന്ത്യന്‍ സംഗീതലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജാനകിയുടെ വിയോഗം സംഗീതാസ്വാദകര്‍ക്കും സിനിമാലോകത്തിനും വലിയ നഷ്ടമായി.
ആരാധകർ ജാനകിയമ്മ എന്ന് ബഹുമാനത്തോടെ വിളിക്കുന്ന ജാനകിയുടെ ജനനം ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ 1938 ഏപ്രിൽ 23നായിരുന്നു. ശാസ്ത്രീയ പഠനത്തിന്റെ പിൻബലമില്ലാതെയാണ് സംഗീതത്തിന്റെ കൊടുമുടികളേറിയത്. 1956ൽ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തിൽ ലഭിച്ച രണ്ടാംസ്ഥാനമാണ് ജാനകിയുടെ സംഗീതജീവിതത്തിനു ശുഭാരംഭം കുറിച്ചത്. പിന്നീട് ഇന്ത്യൻ സംഗീതത്തിന്റെ മുഖവും തെന്നിന്ത്യയുടെ അഭിമാനവുമായി. വിധിയിൻ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം നടത്തുമ്പോൾ 19 വയസ് മാത്രമാണുള്ളത്. തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി ഗാനങ്ങൾ ആലപിച്ചു. ഇതിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടിയിരിക്കുന്നത് കന്നടയിലാണ്.
തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങി പതിനേഴു ഭാഷകളിൽ ഏകാന്തഗീതം (സോളോ), യുഗ്മഗാനം (ഡ്യുയറ്റ്), കോറസ് മുതലായ പലതരത്തിലുള്ള 48,000 ഓളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്. ഗായിക എന്ന നിലയിൽ നിറഞ്ഞു നിൽക്കുന്നതിനു പുറമെ ജാനകി ഗാന രചനയും സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്. നിരവധി തമിഴ്, തെലുഗു ചിത്രങ്ങൾക്കു വേണ്ടി അവർ ഗാനങ്ങളെഴുതി.
1200ലധികം മലയാള സിനിമാ ഗാനങ്ങൾക്ക് ജാനകി ശബ്ദം പകർന്നിട്ടുണ്ട്. തളിരിട്ട കിനാക്കൾ (മൂടുപടം), വാസന്ത പഞ്ചമി നാളിൽ (ഭാർഗവീനിലയം), സൂര്യകാന്തീ.. സൂര്യകാന്തീ.. (കാട്ടുതുളസി), മനിമുകിലേ (കടത്തുകാരൻ), ഏറ്റുമാനൂർ അമ്പലത്തിൽ (ഓപ്പോൾ), തുമ്പി വാ തുമ്പിക്കുടത്തിന് (ഓളങ്ങൾ), മിഴിയോരം (മഞ്ഞിൽ വിരിഞ്ഞ പൂക്കൾ) എന്നിവ ജാനകി പാടിയ മലയാള ഗാനങ്ങളാണ്.
മികച്ച ഗായികയ്‌ക്കുള്ള ദേശീയ അവാർഡ് നാലു തവണയാണ് എസ്.ജാനകിയെ തേടിയെത്തിയത്. 1976-ൽ `പതിനാറു വയതിനിലേ എന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ… എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ചത്. 1980-ൽ ഓപ്പോൾ എന്ന മലയാളചിത്രത്തിലെ ഏറ്റുമാനൂർ അമ്പലത്തിൽ… എന്ന ഗാനത്തിനും 1984-ൽ തെലുഗു ചിത്രമായ `സിതാര’യിൽ വെന്നല്ലോ ഗോദാരി ആനന്ദം… എന്നു തുടങ്ങുന്ന ഗാനത്തിനും 1992-ൽ തമിഴ് ചിത്രമായ `തേവർമകനിൽ ഇഞ്ചി ഇടുപ്പഴകാ… എന്നു തുടങ്ങുന്ന ഗാനത്തിനുമാണ് ദേശീയ അവാർഡുകൾ ലഭിച്ചത്.
മികച്ച പിന്നണിഗായികയ്‌ക്കുള്ള കേരള സംസ്ഥാന അവാർഡ് 14 തവണയും തമിഴ്‌നാട് സർക്കാരിന്റെ പുരസ്കാരം ഏഴു തവണയും ആന്ധ്രപ്രദേശ് സർക്കാരിന്റെ അവാർഡ് പത്തു തവണയും ജാനകി സ്വന്തമാക്കി. തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌ക്കാരം 1986-ലും സുർ സിംഗർ അവാർഡ് 1987-ലും കേരളത്തിൽനിന്നും സിനിമാ ആർക്കൈവർ അവാർഡ് 2002-ലും സ്‌പെഷൽ ജൂറി സ്വരലയ യേശുദാസ് അവാർഡ് 2005-ലും ലഭിച്ചു. 2013 ൽ പത്മഭൂഷൻ ലഭിച്ചെങ്കിലും ജാനകി ഇത് നിരസിക്കുകയായിരുന്നു.
SUMMARY: South India’s Vanambadi S. Janaki passes away















