ഡല്‍ഹി: ചെങ്കോട്ടയില്‍ ബോംബ് ഭീഷണി. തുടർന്ന് പ്രദേശത്ത് പരിശോധനയും സുരക്ഷയും കർശനമാക്കി. ഇന്നലെ മുംബൈ പോലീസ് കണ്‍ട്രോള്‍ റൂമിലെ ഫോണ്‍ നമ്പറിലേക്കാണ് ഭീഷണി കോള്‍ എത്തിയത്. തുടർന്ന് മുംബയ് പോലീസ് ഡല്‍ഹി പോലീസിനെ വിവരമറിയിക്കുകയും അവിടെനിന്ന് നോർത്ത് ജില്ലാ പോലീസിലേയ്ക്ക് വിവരം കൈമാറുകയുമായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ചെങ്കോട്ടയ്ക്ക് സമീപം 15 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്ന് എട്ടുമാസത്തിനു ശേഷമാണ് ഭീഷണി സന്ദേശമെത്തിയിരിക്കുന്നത്. 2025 നവംബർ പത്തിന് വൈകിട്ട് ചെങ്കോട്ടയ്ക്കു സമീപം റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിനടുത്ത് വെള്ള നിറത്തിലുള്ള ഐ 20 ഹ്യൂണ്ടായ് കാർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
ഐ.ഇ.ഡി സ്‌ഫോടനമാണുണ്ടായത്. കാറോടിച്ചിരുന്നത് പുല്‍വാമ സ്വദേശി 34കാരനായ ഡോ. ഉമർ നബിയായിരുന്നു. ഭീകര സംഘത്തിലെ രണ്ട് പ്രധാന അംഗങ്ങളായ ഡോ. മുസമ്മില്‍ ഷക്കീല്‍, ഡോ. ആദില്‍ റാത്തർ എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയും സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തതിനെത്തുടർന്ന് ഉമർ പരിഭ്രാന്തനാകുകയും സ്ഫോടനം നടത്തുകയും ചെയ്തതായാണ് കണ്ടെത്തല്‍.
SUMMARY: Bomb threat at the Red Fort in Delhi.
















