മലപ്പുറം: യുവതിയെ അധിക്ഷേപിച്ച കേസില്‍ തൊപ്പി ഗാങ്ങിലെ മുഹമ്മദ് എന്ന മമ്മുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പോലീസാണ് മമ്മുവിനെ അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ലൈവ് സ്ട്രീമിങിനിടെ ഗായകൻ ഹനാൻ ഷായെ പരാമർശിച്ചാണ് യുവതിയെ അധിക്ഷേപിച്ചത്.
ജൂണ്‍ പത്താം തീയതി രാത്രി പത്ത് മണി മുതല്‍ നാല് മണിക്കൂര്‍ നീണ്ട യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിനിടെയായിരുന്നു തൊപ്പിയുടെ കൂട്ടാളിയായിരുന്ന മമ്മു സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശം നടത്തിയത്. തൊപ്പി പലകാലങ്ങളിലായി പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞ് ചില കാര്യങ്ങള്‍ യുവതിയെ ചേര്‍ത്ത് മമ്മു പറയുകയായിരുന്നു. ഇതിനെതിരേ യുവതി പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
യുവതിയുടെ പരാതിയില്‍ നാല് പേര്‍ക്കെതിരെയായിരുന്നു മഞ്ചേരി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മമ്മുവിന് പുറമേ തൊപ്പി, ഷമീര്‍ എന്നിവര്‍ക്കും മറ്റൊരാള്‍ക്കുമെതിരേയായിരുന്നു കേസെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മമ്മുവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സമാനമായ മറ്റൊരു പരാതി കൂടി ആലുവ പോലിസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്തിട്ടുണ്ട്. ഈ പരാതിയില്‍ തൊപ്പിക്കും മമ്മുവിനുമെതിരേ കേസെടുത്തിട്ടുണ്ട്. തൊപ്പി നിലവില്‍ ഒളിവിലാണ്.
അതേസമയം, സുഹൃത്തുക്കളുടെ നഗ്‌ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍, യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരേ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കാനാണ് പോലിസ് നീക്കം. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് നടപടി. തൊപ്പിയുടെ പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ പോലിസ് ശേഖരിച്ചു.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മറുപടി നല്‍കിയ ശേഷമാണ് തൊപ്പി ഒളിവില്‍ പോയത്. രണ്ടാമത്തെ നോട്ടീസിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇതോടെയാണ് തൊപ്പി എന്ന നിഹാദ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതായി പോലിസിന് വിവരം ലഭിച്ചത്. ഉടന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കും.
SUMMARY: Case involving the online harassment of a young woman: ‘Mammu’ of the ‘Thoppi Gang’ arrested
















