ബെംഗളൂരു: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനായി കാസറഗോഡ് കാഞ്ഞങ്ങാട് മടിക്കൈയില്‍ നിര്‍മ്മിച്ചുവരുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് (IIPD) പദ്ധതിയുടെ പ്രചാരണാര്‍ഥം ഗോപിനാഥ് മുതുകാടും സംഘവും അവതരിപ്പിച്ച ‘എം. ക്യൂബ്’ പരിപാടി ഇന്ദിരാനഗറിലെ ഇ.സി.എ. ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസ്സില്‍ അരങ്ങേറി.
കേരള സമാജം പ്രസിഡന്റ് എം ഹനീഫ് നിലവിളക്ക് കൊളുത്തി പരിപാടി ഉത്ഘാടനം ചെയ്തു. കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍,. ട്രഷറര്‍ ജോര്‍ജ് തോമസ്, ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍, കള്‍ച്ചറല്‍ സെക്രട്ടറി മുരളീധരന്‍, അസിസ്റ്റന്റ് സെക്രട്ടറി വിനു ജി ,വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ സുധ വിനേഷ്,. കണ്‍വീനര്‍ രമ്യ ഹരികുമാര്‍, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥ്, വൈസ് പ്രസിഡന്റ് ലൈല രാമചന്ദ്രന്‍, സെക്രട്ടറി പി വി എന്‍ ബാലകൃഷ്ണന്‍, ട്രഷറര്‍ സയ്യിദ് മസ്താന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ബെംഗളൂരു കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മാജിക്, സംഗീതം, മോട്ടിവേഷന്‍ എന്നിവ സമന്വയിപ്പിച്ച അവതരണത്തിലൂടെ ഐ.ഐ.പി.ഡി. പദ്ധതിയുടെ ലക്ഷ്യങ്ങളും സാമൂഹിക പ്രസക്തിയും ഹൃദയസ്പര്‍ശിയായി പ്രേക്ഷകരിലേക്ക് എത്തിക്കാനായി. ഗോപിനാഥ് മുതുകാടിനൊപ്പം പിന്നണിഗായകരായ ആര്‍. രവിശങ്കര്‍, ചിത്ര അരുണ്‍, വയലിനിസ്റ്റ് വിഷ്ണു അശോക് എന്നിവരും മികവുറ്റ സംഗീതാവതരണങ്ങളിലൂടെ പരിപാടിയെ സമ്പന്നമാക്കി.
ഭിന്നശേഷിക്കാര്‍ക്കായി കാസറഗോഡില്‍ നിര്‍മ്മിച്ചുവരുന്ന ഐ.ഐ.പി.ഡി. പദ്ധതിക്ക് ഏകദേശം 120 കോടി രൂപയിലധികം ചെലവ് പ്രതീക്ഷിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള കലാ-കായിക പരിശീലന കേന്ദ്രങ്ങള്‍, അത്യാധുനിക തെറാപ്പി സൗകര്യങ്ങള്‍, വ്യക്തിഗത അസിസ്റ്റീവ് ഡിവൈസ് യൂണിറ്റുകള്‍, തൊഴില്‍പരിശീലന കേന്ദ്രങ്ങള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍, ഗവേഷണ-പരിശീലന സംവിധാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ പദ്ധതി ഇന്ത്യയില്‍ ആദ്യമായി ഇത്രയും വിപുലമായ സൗകര്യങ്ങള്‍ ഒരുമിച്ച് ലഭ്യമാക്കുന്ന സംരംഭമാകും.
തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ വിജയകരമായ മാതൃകയെ അടിസ്ഥാനമാക്കി വിപുലീകരിച്ച സംവിധാനങ്ങളോടെയാണ് കാഞ്ഞങ്ങാട് മടിക്കൈയിലെ 30 ഏക്കര്‍ സ്ഥലത്ത് ഈ സ്ഥാപനം ഒരുങ്ങുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കമുള്ള കേരളത്തിലെയും ഇന്ത്യയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും ഭിന്നശേഷിക്കാര്‍ക്ക് പ്രതീക്ഷയും ആശ്രയവുമായ കേന്ദ്രമായി ഐ.ഐ.പി.ഡി. മാറും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഭിന്നശേഷിക്കാര്‍ക്കായുള്ള സമഗ്ര സ്ഥാപനമെന്ന നേട്ടവും കൈവരും.
മാജിക്കും സംഗീതവും കോര്‍ത്തിണക്കിയ അവതരണങ്ങള്‍ക്കിടയില്‍ ഗോപിനാഥ് മുതുകാട് പങ്കുവെച്ച ജീവിതാനുഭവങ്ങള്‍ സദസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു. മാന്ത്രികവിദ്യയുടെ ഉന്നതശിഖരങ്ങള്‍ കീഴടക്കിയിട്ടും, ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിതത്തില്‍ പ്രകാശം പകരാനായി ആ രംഗം വിട്ടിറങ്ങിയ തന്റെ തീരുമാനത്തെക്കുറിച്ചും അതിനോടനുബന്ധിച്ച കുടുംബാനുഭവങ്ങളെക്കുറിച്ചും അദ്ദേഹം ഹൃദയസ്പര്‍ശിയായി പങ്കുവെച്ചു. സ്വന്തം അമ്മയുടെ കണ്ണീര്‍ കാണേണ്ടിവന്നെങ്കിലും, അനേകം അമ്മമാരുടെ കണ്ണീര്‍ ഒപ്പാന്‍ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയാണ് തന്റെ ഏറ്റവും വലിയ നേട്ടമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ സദസ്സ് വികാരഭരിതമായി.
തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിലെ ഓട്ടിസം ബാധിച്ച കുട്ടികളുടെ ജീവിതവും അവരുടെ അത്ഭുതകരമായ കഴിവുകളും പരിചയപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ പ്രേക്ഷകര്‍ പലരും കണ്ണീരടക്കാനാവാതെ നിന്നു. ഒരിക്കല്‍ സമൂഹം അവഗണിച്ച കുട്ടികള്‍ സംഗീതത്തിലും ചിത്രകലയിലും മാജിക്കിലും വിവിധ കലാരംഗങ്ങളിലും അസാധാരണ മികവ് തെളിയിക്കുന്ന കാഴ്ചകള്‍ ഏവരെയും അത്ഭുതപ്പെടുത്തി.
വിസ്മയം തീര്‍ക്കുന്ന ഇന്ദ്രജാലപ്രകടനങ്ങളും മെന്റലിസം അവതരണങ്ങളും പ്രേക്ഷകരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിയ ഇന്ററാക്ടീവ് അവതരണങ്ങളും പരിപാടിയെ ആവേശഭരിതമാക്കി. അതോടൊപ്പം ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ സംഗീതോപകരണങ്ങളും മാജിക്കിന്റെ ബാലപാഠങ്ങളും അഭ്യസിച്ച് ആത്മവിശ്വാസത്തോടെ മുന്നേറുന്ന ദൃശ്യങ്ങള്‍ പ്രത്യാശയുടെ സന്ദേശമായി മാറി.
പരിപാടിയുടെ അവസാനം ഐ.ഐ.പി.ഡി. പദ്ധതിക്കായുള്ള ധനശേഖരണത്തിന് പ്രേക്ഷകര്‍ ഉദാരമായി കൈത്താങ്ങായി. നിരവധി പേര്‍ തങ്ങളുടെ കഴിവിനൊത്ത സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. ബെംഗളൂരു കേരള സമാജം ഭാരവാഹികളായ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും മാനേജിങ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന്, ബെംഗളൂരുവിലെ മലയാളി സമൂഹത്തില്‍ നിന്ന് ഒരു കോടി രൂപ സമാഹരിച്ച് പദ്ധതിക്ക് നല്‍കാന്‍ ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചത് സദസ്സിന്റെ കൈയടിയോടെയാണ് സ്വീകരിക്കപ്പെട്ടത്.
മനുഷ്യസ്‌നേഹവും കലയും സാമൂഹിക പ്രതിബദ്ധതയും ഒരേ വേദിയില്‍ സംഗമിച്ച ‘എം. ക്യൂബ്’, പ്രേക്ഷകരുടെ മനസ്സില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന അനുഭവമായി മാറി. ഭിന്നശേഷിക്കാരുടെ കഴിവുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഗോപിനാഥ് മുതുകാടിന്റെ ദീര്‍ഘദര്‍ശനത്തിന് ശക്തമായ ജനപിന്തുണ ലഭിച്ചതിന്റെ തെളിവുകൂടിയായി ഈ പരിപാടി മാറി.
SUMMARY: M. Cube: An evening of magic, music and humanity
















