ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിലേർപ്പെട്ട കോക്രോച്ച് പാർട്ടി പ്രതിനിധികള്‍ ആരോഗ്യ മന്ത്രി ജെപി നദ്ദയുമായി ചർച്ച നടത്തി. സമരങ്ങൾ ശക്തമായതിന് ശേഷം സർക്കാരും പ്രതിഷേധക്കാരും തമ്മിൽ നടക്കുന്ന ആദ്യ ഔദ്യോഗിക ചർച്ചയാണിത്. മൂന്ന് ആവശ്യങ്ങൾ അടങ്ങിയ കത്ത് നദ്ദയ്ക്ക് കൈമാറി. ധർമേന്ദ്ര പ്രധാൻ രാജി വെക്കുക, സോനം വാങ്ചുക്കിനെ മോചിപ്പിക്കുക, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളടങ്ങിയ കത്താണ് കൈമാറിയത്. അതേസമയം ചര്‍ച്ചയില്‍ കൃത്യമായ ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതടക്കമുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ പ്രതിഷേധം തുടരുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സിജെപി വക്താവ് സൗരവ് ദാസ് എക്‌സിലൂടെ അറിയിച്ചു.
പ്രതിഷേധക്കാരുടെ ഭാഗത്തുനിന്ന് ഇന്ന് രാവിലെയാണ് ചർച്ചയ്ക്കുള്ള ആവശ്യമുണ്ടായതെന്നും സൗഹൃദപരമായ അന്തരീക്ഷത്തിലായിരുന്നു കൂടിക്കാഴ്ചയെന്നും ജെപി നദ്ദ എക്‌സിലൂടെ അറിയിച്ചു. എല്ലാ പ്രതിഷേധക്കാരോടും അവരുടെ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ച് സാധാരണനില പുനഃസ്ഥാപിക്കാൻ ഭരണകൂടത്തെ സഹായിക്കണമെന്നു അഭ്യർത്ഥിച്ചതായും നദ്ദ പറഞ്ഞു.
പരീക്ഷാ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും ആയിരക്കണക്കിന് സി.ജെ.പി പ്രവർത്തകർ പാർലമെന്‍റിലേക്ക് മാർച്ച് നടത്തിയിരുന്നു. തലസ്ഥാനത്ത് കനത്ത പോലീസ് സന്നാഹവും ബാരിക്കേഡുകളും ലാത്തിച്ചാർജും അറസ്റ്റും നടന്നിരുന്നു. സി ജെ പിയുടെ സമരപ്പന്തല്‍ കേന്ദ്രസേന പൊളിച്ചു നീക്കുകയും ചെയ്തു.
വിഷയവുമായി ബന്ധപ്പെട്ട ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്‌സഭ മൂന്ന് മണിക്കൂര്‍ വരെ നിര്‍ത്തിവച്ചു. രാജ്യത്തെ യുവാക്കളെ കേന്ദ്രം തല്ലിയമര്‍ത്താന്‍ നോക്കുകയാണെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സമാജ്വാദി പാര്‍ട്ടി എം പി. ധര്‍മേന്ദ്ര യാദവും പ്രതികരിച്ചു.
വിഷയം ചര്‍ച്ച ചെയ്യുന്നതിന് പാര്‍ലിമെന്റില്‍ ഉന്നത തല യോഗം ചേര്‍ന്നിരുന്നു. മുതിര്‍ന്ന മന്ത്രിമാരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുത്തു. ഇതിനു പിന്നാലെ ധര്‍മേന്ദ്ര പ്രധാനുമായി അമിത്ഷാ കൂടിക്കാഴ്ച നടത്തിയതായും സൂചനയുണ്ട്.
ഇതിനിടെ, ആശുപത്രിയിൽ കഴിയുന്ന സോനം വാങ്ചുക് നിരഹാരം അവസാനിപ്പിച്ചതായും വിവരമുണ്ട്. ഇക്കാര്യത്തിൽ കോക്രോച്ച് പാർട്ടിയുടെ പ്രതികരണം ലഭ്യമായിട്ടില്ല. 23 ദിവസമായി അദ്ദേഹം നിരാഹാര സമരത്തിലായിരുന്നു. കടുത്ത ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് ജൂലായ് 18-ന് വാങ്ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നഡ്ഡയുമായി പ്രതിഷേധക്കാർ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ വരുന്നത്.
SUMMARY: Cockroach Party representatives hold talks with Health Minister JP Nadda
















