പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരും വിമതയായി വിജയിച്ച മായാ രാഹുലും എൽഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചു.
പിന്നാലെ അവിശ്വാസ പ്രമേയത്തെ അംഗീകരിക്കുന്നതായി ദിയ പ്രതികരിച്ചു. ‘ജനാധിപത്യവിധിയെ ഞാൻ പൂർണ ബഹുമാനത്തോടെ സ്വീകരിക്കുന്നു. അതോടൊപ്പം, പാലായിലെ ജനങ്ങളോട് ചില കാര്യങ്ങൾ വിനയപൂർവ്വം പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അഴിമതി, പൊതുപണം ദുരുപയോഗം, കൈക്കൂലി, സ്വജനപക്ഷപാതം, സർക്കാർ ഉത്തരവുകളുടെ ലംഘനം, നിയമവിരുദ്ധ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട ഒരു ആരോപണം പോലും ഉണ്ടായിരുന്നില്ല. മാത്രമല്ല, വസ്തുതാപരമായ ഒരു ആരോപണം പോലും തെളിയിക്കാനോ ഉന്നയിക്കാനോ അവിശ്വാസ പ്രമേയം കൊണ്ടുവന്നവർക്കും അതിനെ പിന്തുണച്ചവർക്കും സാധിച്ചിട്ടില്ല. അതിൽ എനിക്ക് ആത്മവിശ്വാസവും അതിലേറെ അഭിമാനവുമുണ്ട്. പൊതുജീവിതത്തിലെ ഏറ്റവും വലിയ ശക്തി അധികാരമല്ല, മൂല്യങ്ങളാണ്’, ദിയ പ്രസ്താവനയിൽ പറഞ്ഞു.
നാടകീയ രംഗങ്ങളാണ് പാലാ നഗരസഭയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നടക്കുന്നത്. ഭരണപക്ഷത്തു തന്നെ പൊട്ടിത്തെറി ഉണ്ടായതിന്റെ പിന്നാലെയാണ് പ്രതിപക്ഷം അവിശ്വാസവും കൊണ്ടുവന്നത്. ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ്,എന്നിവരാണ് വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയത്. റിയ ചീരാംകുഴി, സെബാസ്റ്റ്യൻ പനക്കൽ എന്നീ കോൺഗ്രസ് അംഗങ്ങൾ ഹാജരായില്ല. കേരള കോൺഗ്രസിൻ്റെ മൂന്ന് അംഗങ്ങളായ സോണിയ ചിറ്റേട്ട്, ബിജു വരിക്കാനി, സിജി ടോണി എന്നിവരും മാണി.സി. കാപ്പന്‍റെ പാർട്ടിയായ കെ.ഡി.പിയിലെ പ്രിൻസി സണ്ണിയും ഹാജരായിരുന്നില്ല.
നഗരസഭാധ്യക്ഷ ദിയാ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയോട് കോൺഗ്രസ് കൗൺസിലർമാരും സ്വതന്ത്ര അംഗമായ ഉപാധ്യക്ഷ മായാ രാഹുലും ഇടഞ്ഞതോടെയാണ് പാലാ നഗരസഭയിൽ ഭരണപക്ഷത്ത് വിള്ളലുണ്ടായത്. ഈ രാഷ്ട്രീയ സാഹചര്യം തങ്ങൾക്കനുകൂലമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
പാലാ നഗരസഭയിൽ 26 അംഗങ്ങളാണുള്ളത്. 14 പേരുടെ പിന്തുണയാണ് അവിശ്വാസം പാസ്സാകാൻ വേണ്ടത്. എൽഡിഎഫിന് 12 അംഗങ്ങളുണ്ട്. യുഡിഎഫിന് നിലവിൽ 14 അംഗങ്ങളുടെ പിന്തുണയുണ്ട്. കോൺഗ്രസ്- 6 കേരളാ കോൺഗ്രസ്- 3 സ്വതന്ത്ര മുന്നണി- 3 കെ.ഡി.പി.- 1, സ്വതന്ത്രയായി വിജയിച്ച മായാ രാഹുലിൻ്റെ പിന്തുണയും കൂടി ഉൾപ്പെടുന്നതാണ് യുഡിഎഫിന്റെ 14 പേര്‍.
SUMMARY: UDF loses power in Pala Municipality; LDF’s no-confidence motion passes, Congress members support
















