ഡോ.കെ ദേവീകൃഷ്ണൻ
ചീഫ് മെഡിക്കൽ ഓഫീസർ(റിട്ട),
ആര്യവൈദ്യശാല, കോട്ടക്കൽ
ആയുര്‍വേദ ശാസ്ത്രം അനുസരിച്ച് ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നത് ത്രിദോഷങ്ങളായ വാതപിത്തകഫങ്ങളാണ്. ഇവയുടെ സമാവസ്ഥയാണ് ആരോഗ്യം. ത്രിദോഷങ്ങളുടെ സമതുലിതാവസ്ഥയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ അനാരോഗ്യത്തിനു കാരണമാകുന്നു. പഞ്ചഭൂത (ഭൂമി, ജലം, ആകാശം, അഗ്നി, വായു) ത്രിദോഷസിദ്ധാന്താധിഷ്ഠിതമാണ് ആയുര്‍വേദം. രോഗചികിത്സയോടൊപ്പംതന്നെ പ്രാധാന്യമുള്ളതാണ് ഒരാളുടെ സ്വാസ്ഥ്യസംരക്ഷണവും. ജനങ്ങളുടെ ആരോഗ്യവും സ്വാസ്ഥ്യവും വേണ്ടരീതിയിലുണ്ടാവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉപദേശിക്കുന്ന വിഭാഗമാണ് ആയുര്‍വേദത്തിലെ സ്വസ്ഥവൃത്തം. ദൈനംദിന ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ട ഒന്നാണിത്.
ആരോഗ്യത്തിന്‍റെ ലക്ഷണമായി താഴെപ്പറയുന്ന കാര്യങ്ങള്‍ ആയുര്‍വേദത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
1. വേണ്ടസമയത്ത് ആഹാരം കഴിക്കണമെന്നുള്ള തോന്നല്‍
2. ഭക്ഷിച്ച ആഹാരത്തിന്‍റെ ശരിയായ പാകം സംഭവിക്കുക
3. മലമൂത്രവിസര്‍ജ്ജനം ശരിയായ രീതിയിലുണ്ടാവുക
4. ശരീരലാഘവം ഉണ്ടാവുക
5. ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും അവയുടെ പ്രവൃത്തികള്‍ കൃത്യമായി നിര്‍വഹിക്കുക
6. രാത്രിയില്‍ സുഖമായ ഉറക്കം ഉണ്ടാവുക. രാവിലെ ക്ഷീണമില്ലാതെ ഉണരുകയും ചെയ്യുക
7. ശരീരബലം, നിറം, ആയുര്‍ദൈര്‍ഘ്യം എന്നിവ ഉണ്ടായിരിക്കുക
8. മനസ്സിന് സൗമ്യത ഉണ്ടാവുക
9. ശരിയായ വിശപ്പുണ്ടാവുക
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ആരോഗ്യവാനില്‍ ഉണ്ടാവുന്നതാണ്. ഇവയ്ക്ക് വിപരീതമായി കാണുന്നവ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്.
സ്വസ്ഥവൃത്തത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളാണ് ദിനചര്യയും ഋതുചര്യയും. രാവിലെ ഉറക്കമെണീറ്റതുമുതല്‍ രാത്രി ഉറങ്ങുന്നതുവരെ എന്തെല്ലാം ചെയ്യണം എന്നത് ദിനചര്യയും ഓരോ കാലാവസ്ഥയിലും ശീലിക്കേണ്ട ആഹാരവിഹാരങ്ങളെ ഋതുചര്യ എന്നും പറയാം.

ഒരു കാലാവസ്ഥ മാറി അടുത്ത കാലാവസ്ഥ വരുന്ന നേരത്താണ് രോഗങ്ങള്‍ ബാധിക്കാന്‍ ഏറെ സാധ്യതയുള്ളത്. ഓരോ ഋതുവിനും അനുസരിച്ചുള്ള ജീവിതരീതി സ്വീകരിച്ചാല്‍ ഋതുഭേദം കൊണ്ടുള്ള ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷ നേടാം. ദക്ഷിണായനകാലത്തിന്‍റെ തുടക്കത്തില്‍ത്തന്നെ ശരീരബലം നേടാനാണ് ആയുര്‍വേദം ഉപദേശിക്കുന്നത്. വേനല്‍ക്കാലത്ത് ശരീരബലം ക്ഷയിച്ചിരിക്കുന്നതായി കാണാം. വര്‍ഷകാലത്ത് വാതദോഷം പിത്തകഫങ്ങളോടൊപ്പം ചേര്‍ന്ന് ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാക്കും എന്നുള്ളതുകൊണ്ടാണ് കര്‍ക്കിടകമാസത്തില്‍, മഴക്കാലത്ത്, ശരീരബലം ഉണ്ടാവാന്‍ ആയുര്‍വേദചികിത്സകകള്‍ ചെയ്യണമെന്നു പറയുന്നത്.
കര്‍ക്കിടകമാസമാവുമ്പോള്‍ മലയാളികള്‍ ഔഷധസേവയും എണ്ണതേപ്പും അടക്കമുള്ള ശരീരസംരക്ഷണത്തിനുള്ള ആയുര്‍വേദചികിത്സാക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുക പതിവാണ്. ആരോഗ്യമുള്ള ശരീരത്തിന് വേണ്‍ണ്ടത് പോഷകസമ്പുഷ്ടമായ ആഹാരമാണ്. പക്ഷെ ഇന്ന് നാം ശീലിക്കുന്ന തെറ്റായ ആഹാരരീതി പലതരം രോഗങ്ങള്‍ക്കു കാരണമാകുന്നുണ്ട്. ഹിതവും മിതവും ദഹനശക്തിയ്ക്കനുസരിച്ചുമുള്ള ഭക്ഷണരീതിയ്ക്കുപകരം അനവസരത്തില്‍ അമിതമായി ആഹാരം ശീലിക്കുന്നവരായിട്ടുണ്ട് ഇന്നത്തെ സമൂഹം. കാലാവസ്ഥയിലുകുന്ന മാറ്റങ്ങള്‍ക്കനുസരിച്ചും രോഗബാധയുണ്ടാ വാനുള്ള സാധ്യതയേറെയാണ്. വൈകിയെത്തുന്ന മഴക്കാലം, ശരീരബലം കുറയ്ക്കുന്ന ഉഷ്ണകാലം, പ്രളയം എന്നിവ നിരവധി രോഗങ്ങള്‍ക്കുകാരണമാകുന്നുണ്ട്. അതുകൊണ്ട് ഒരു പ്രത്യേകമാസത്തില്‍ മാത്രം സ്വീകരിയ്ക്കാവുന്ന ഒന്നല്ല ആയുര്‍വേദചികിത്സ.
കര്‍ക്കടകമെത്തുന്നതിന്‍റെ തലേന്നുതന്നെ, ശരീരമാലിന്യങ്ങളെ അകറ്റി, ആരോഗ്യമുണ്ടാവാനുള്ള ക്രിയകള്‍ ചെയ്യണം. വൈദ്യനിര്‍ദ്ദേശാനുസൃതം വയറിളക്കുക, ഛര്‍ദ്ദിപ്പിക്കുക, വസ്തി ചെയ്യുക എന്നിവ ചെയ്താല്‍ ശരീരത്തിലലിഞ്ഞുകൂടിയ മാലിന്യങ്ങള്‍ പുറന്തള്ളി ശരീരബലത്തെയുണ്ടാക്കാം. കര്‍ക്കിടകം പുലരുംമുമ്പ് ശരീരത്തിനുയോജിച്ച തൈലങ്ങള്‍ ദേഹത്ത് തേച്ച് മൃദുവായി തലോടി അരമണിക്കൂറിനുശേഷം കുളിക്കണം. ചിലദേശങ്ങളില്‍ ‘കര്‍ക്കിടകപ്പൊന്ന്’ എന്നാണിതിനു പറയുന്നത്. ശരീരബലം നിലനിര്‍ത്താനും വാതസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും ശീലിയ്ക്കാവുന്ന തൈലങ്ങളില്‍ പ്രധാനപ്പെട്ടവയാണ് ബലാശ്വഗന്ധാദി തൈലം, ധാന്വന്തരം കുഴമ്പ്, പ്രഭഞ്ജനവിമര്‍ദ്ദനം കുഴമ്പ്, ക്ഷീരബല തൈലം തുടങ്ങിയവ. മുകളില്‍ പറഞ്ഞവയില്‍ അനുയോജ്യമായത് കഴുത്തിന്ന് കീഴ്പോട്ട് ദേഹം മുഴുവന്‍ പുരട്ടി സ്വല്പനേരം മിതമായ വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്.
കര്‍ക്കടക എന്ന വാക്കിന് ഞണ്ട്, കൊല്ലവര്‍ഷത്തിന്‍റെ അവസാനമാസം, കര്‍ക്കടക രാശി, കൂവളം, കരിമ്പ്, കര്‍ക്കടവൃക്ഷം, മലങ്കാര, കാട്ടുനെല്ലി, കര്‍ക്കടകശൃംഗി, അര്‍ബുദം എന്നിങ്ങനെയെല്ലാം അര്‍ത്ഥമുള്ളതായി കാണുന്നു.
കൂവളം ദശമൂലത്തിലുള്‍പ്പെടുന്ന ഒരു ഔഷധദ്രവ്യമാണ്. വില്വാദി ഗുളിക, വില്വാദി ലേഹം എന്നിങ്ങനെ നിരവധി ഔഷധങ്ങളിലെ പ്രധാന ഘടകമാണ്. കൂവളം ഛര്‍ദ്ദി, വയറിളക്കം, ഗ്രഹണി, വിഷം, ഉദരരോഗങ്ങള്‍, നീര് എന്നിവയിലെല്ലാം ഔഷധമായി ഉപയോഗിക്കുന്നു. കൂവളവേര്, ഇല, ഫലമജ്ജ എന്നിവയ്ക്ക് ഔഷധമൂല്യമുണ്ട്. കഫവാതശമനമാണ്.
കരിമ്പിന്‍നീര് ശരീരത്തെ തടിപ്പിക്കുന്നതാണ്. പിത്തശമനമാണ്.
മലങ്കാര ഛര്‍ദ്ദിയുണ്ടാവാന്‍ ഉപയോഗിക്കുന്ന ഒരു ദ്രവ്യമാണ്. മലങ്കാര ഫലമാണ് ഔഷധമൂല്യമുള്ളത്.

കര്‍ക്കടകശൃംഗി ചേരുന്ന ചില ഔഷധങ്ങളാണ് ഗന്ധതൈലം, മഹാരാജപ്രസാരിണീതൈലം എന്നിവ. വാതവ്യാധികള്‍, നീര്, ഉദരരോഗങ്ങള്‍, ചുമ, ശ്വാസം മുട്ടല്‍ എന്നിങ്ങനെ നിരവധി രോഗങ്ങളില്‍ രോഗശമനത്തെയുണ്ടാക്കുന്ന ഇതിന്‍റെ ‘ഗാള്‍സ്’ ആണ് ഔഷധഗുണമുള്ള ഭാഗം.
കൊല്ലവര്‍ഷാവസാനത്തെ മാസത്തില്‍ ശരീരബലം വീണ്ടെടുക്കുവാനുള്ള ആഹാരചികിത്സാ ക്രമങ്ങള്‍ പിന്തുടര്‍ന്നുവന്നിരുന്നത് കേരളീയമായ നാട്ടുവഴക്കമായിരുന്നു. പ്രാദേശികമായി ചില ഭേദങ്ങളുണ്ടെങ്കിലും ആരോഗ്യസംരക്ഷണത്തിന് വീട്ടില്‍ത്തന്നെ മരുന്നുണ്ടാക്കി കഴിച്ചിരുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്.
ആഹാരവിധി
കര്‍ക്കടകത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഇലക്കറിയും തവിടടയും കഴിക്കണമെന്നുള്ളത് മലയാളിയുടെ ശീലമായിരുന്നു. ഇലക്കറി താള്, തകര, തവിഴാമ, പയറ്, ചീര, മത്തന്‍, കുമ്പളം, ചേന, ചേമ്പ്, തൂവ എന്നിവയുടെ ഇലകള്‍ ഉപയോഗിച്ചാണ് ഉണ്ടാക്കാറുള്ളത്. പത്തിലക്കറി കഴിക്കുക എന്നത് കര്‍ക്കിടകത്തിന്‍റെ ഒരു പ്രത്യേക ആഹാരവിധിയാണ്.
ശോധനചികിത്സയും ശമനചികിത്സയും
കര്‍ക്കടകമെത്തുന്നതിന്‍റെ തലേന്നുതന്നെ, ശരീരമാലിന്യങ്ങളെ അകറ്റി, ആരോഗ്യമുണ്ടാവാനുള്ള ക്രിയകള്‍ ചെയ്യണം. വൈദ്യനിര്‍ദ്ദേശാനുസൃതം വയറിളക്കുക, ഛര്‍ദ്ദിപ്പിക്കുക, വസ്തി ചെയ്യുക എന്നിവ ചെയ്താല്‍ ശരീരത്തിലലിഞ്ഞുകൂടിയ മാലിന്യങ്ങള്‍ പുറന്തള്ളി ശരീരബലത്തെയുണ്ടാക്കാം.
വയറിളക്കല്‍
വര്‍ഷകാലം ശരീരം ആരോഗ്യപരമായി ശുദ്ധമാക്കാന്‍ വയറിളക്കുന്നത് നല്ലതാണ്. കാലാവസ്ഥ മാറുന്നതുകൊണ്ടുള്ള രോഗങ്ങള്‍ വരാതിരിയ്ക്കാന്‍ ശോധനചികിത്സ പ്രയോജനപ്പെടും. വൈദ്യനിര്‍ദ്ദേശാനുസൃതം വേണം വിരേചനൗഷധം ഉപയോഗിയ്ക്കേണ്ടത്. കല്യാണഗുളം എല്ലാ കാലാവസ്ഥകളിലും ഉപയോഗിയ്ക്കാവുന്ന ഒരൗഷധമാണ്.
ആഹാരം, ശരീരബലം, ദഹനശക്തി, ദേശം, പ്രായം, മനോബലം എന്നു തുടങ്ങി പല ഘടകങ്ങളും രോഗത്തെ ഇല്ലാതാക്കുന്നതില്‍ പ്രധാനമാണ്.ആയുര്‍വേദ ചികിത്സാ സമ്പ്രദായമനുസരിച്ച് ചികിത്സ രണ്ടുവിധമാണ്. ശോധനചികിത്സയും ശമനചികിത്സയും. വാതപിത്തകഫദോഷങ്ങള്‍ കോപിച്ച് ശരീരത്തില്‍ രോഗങ്ങളുണ്ടാകുമ്പോള്‍ അവയെ പുറത്തുകളയുവാന്‍ ഛര്‍ദ്ദിപ്പിയ്ക്കുക, വയറിളക്കുക, മൂക്കില്‍ മരുന്നിറ്റിക്കുക, കഷായവസ്തി, തൈലവസ്തി, എന്നിവ വിദഗ്ധ വൈദ്യനിര്‍ദ്ദേശാനുസൃതം ചെയ്യുന്നത് രോഗങ്ങള്‍ വീണ്ടും ഉണ്ടാവാതിരിയ്ക്കാനും രോഗതീവ്രത കുറയ്ക്കാനും ശാരീരികാരോഗ്യം മെച്ചപ്പെടാനും വളരെ നല്ലതാണ്. ഞവരക്കിഴി ചെയ്യുന്നത് ശരീരബലം വർദ്ധിപ്പിക്കുന്നതും വാതസംബദ്ധമായ അസുഖങ്ങളെ കുറക്കുന്നതുമാണ് .ശരീര പുഷ്ടിയും ഉണ്ടാകും ശമനചികിത്സയില്‍ ഔഷധങ്ങള്‍ സേവിച്ച് രോഗശമനമുണ്ടാക്കുന്നു.
രോഗം വരാതിരിയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍, വന്നരോഗങ്ങളെ ചികിത്സിയ്ക്കാനുള്ള രീതികള്‍, രോഗങ്ങളില്‍നിന്ന് സംരക്ഷിച്ച് ശരീരത്തെ പോഷിപ്പിയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം കല്‍പ്പിയ്ക്കുന്നതാണ് ആയുര്‍വേദത്തിന്‍റെ മേന്മ. രോഗകാരണങ്ങളെ ഒഴിവാക്കുന്നതാണ് ചികിത്സ. നമ്മുടെ ആരോഗ്യത്തിന് യോജിയ്ക്കാത്ത, പ്രതിരോധശക്തി കുറയ്ക്കുന്ന നിരവധി കാരണങ്ങളുണ്ട്. അവയെ ശരിയായി മനസ്സിലാക്കുകയും ഒഴിവാക്കുകയുമാണ് ആരോഗ്യപൂര്‍ണ്ണമായ ശരീരത്തിന് വേണ്ടത്.
പ്രകൃതിയില്‍ നിന്നകന്ന് കൃത്രിമാഹാരങ്ങളും രാസവസ്തുക്കളും കൃത്രിമവര്‍ണ്ണങ്ങളും അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശീലിച്ച് ദഹനവ്യവസ്ഥയെ തകരാറിലാക്കിക്കൊണ്ടിരുക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മളെല്ലാം കഴിയുന്നത്. കാര്‍ഷിക സംസ്കൃതിയില്‍ നിന്ന് എന്ന് നാം അകന്നുവോ നമ്മുടെ ഭക്ഷണരീതികളിലും മാറ്റം വന്നു. ശരിയായ ആഹാരമെന്തെന്ന് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നുണ്ട്. കുടിക്കുവാന്‍ ചെറുചൂടുള്ള വെള്ളം (ചുക്ക്, ജീരകം എന്നിവ ചതച്ചിട്ടത്), തേന്‍ ചേര്‍ത്ത വെള്ളം, തൈര്‍ വെള്ളം, യവം, ചെറുപയര്‍, ആട്ടിന്‍മാംസരസം, ഞവരയരി, കയ്പക്ക, കുമ്പളങ്ങ, വെള്ളുള്ളി, പയറുവര്‍ഗ്ഗങ്ങള്‍എ ന്നിവയെല്ലാം വര്‍ഷകാലത്തു സേവിക്കുന്നത് ആരോഗ്യസംരക്ഷണത്തിന് ഉത്തമമാണ്. തിപ്പലി, കാട്ടുതിപ്പലിവേര്, കാട്ടുമുളകിന്‍ വേര്, കൊടുവേലിക്കിഴങ്ങ്, ചുക്ക് എന്നിവ ചേര്‍ന്ന ഒരു ഔഷധചൂര്‍ണ്ണമാണ് പഞ്ചകോലചൂര്‍ണ്ണം. പഞ്ചകോലചൂര്‍ണ്ണം മോരിലിട്ട് തിളപ്പിച്ച് ആറിയശേഷം കുടിക്കുന്നത് വിശപ്പുവര്‍ദ്ധിപ്പിക്കാനും കഴിച്ച ആഹാരം യഥാവിധി ദഹിക്കാനും രോഗപ്രതിരോധശക്തിയുണ്ടാക്കാനും നല്ലതാണ്. എന്നും ഒരു തുളസിയില ചവച്ചുതിന്നുന്നത് പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്.

ഷഡ്രസപ്രധാനമായിരിക്കണം ആഹാരം. മധുരം, അമ്ലം, ലവണം, തിക്തം, കടു, കഷായരസങ്ങളാണവ. കയ്പ്പും എരിവും ചവര്‍പ്പും അമിതമായി നിത്യവും ഉപയോഗിച്ചാല്‍ വാതം വര്‍ദ്ധിക്കും. പുളി, ഉപ്പ്, എരിവ് എന്നിവയുള്ള ആഹാരം അമിതമായി ദീര്‍ഘകാലം കഴിച്ചാല്‍ പിത്തദോഷം വര്‍ദ്ധിക്കും. കഫദോഷത്തെ വര്‍ദ്ധിപ്പിക്കുന്നവയാണ് മധുരം, പുളി, ഉപ്പ് എന്നിവയുടെ അമിത ഉപയോഗം.
കേരളീയരീതിയിലുളള ആഹാരശീലങ്ങളാണ് നമ്മുടെ മുന്‍തലമുറയിലുള്ളവരുടെ ആരോഗ്യത്തിനു കാരണമെന്ന് കാണാം. എല്ലാത്തരത്തിലുളള ഭക്ഷണസംസ്കാരവും ഉള്‍ക്കൊള്ളുന്നവരാണ് മലയാളികള്‍ .
പനി, വയറിളക്കം, മഞ്ഞപ്പിത്തം, ശ്വാസകോശരോഗങ്ങളായ ചുമ, ശ്വാസംമുട്ടല്‍, വാതസംബന്ധമായ വേദനകള്‍, കൈകാല്‍മരവിപ്പ്, തരിപ്പ്, ത്വക്രോഗങ്ങള്‍ എന്നിങ്ങനെ നിരവധി ശാരീരികാസ്വാസ്ഥ്യങ്ങള്‍ ബാധിക്കാന്‍ സാധ്യതയേറിയ കാലമാണ് മഴക്കാലം. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന കാലമാണിത്. ആയുര്‍വേദ ഔഷധങ്ങള്‍ വൈദ്യനിര്‍ദ്ദേശാനുസൃതം ശീലിയ്ക്കുന്നത് രോഗബാധ ഇല്ലാതാക്കാന്‍ നല്ലതാണ്.
രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്ന ഔഷധങ്ങള്‍ – ഇന്ദുകാന്തം കഷായം, ദശമൂലാരിഷ്ടം, ച്യവനപ്രാശം,
വിശപ്പുവര്‍ദ്ധിപ്പിക്കുന്ന / ദഹനക്കേടില്ലാതാക്കുന്ന ചൂര്‍ണ്ണം- അഷ്ടചൂര്‍ണ്ണം.
പനിയ്ക്ക് സാധാരണയായി ഉപയോഗിയ്ക്കാറുള്ള ഔഷധങ്ങളില്‍ പ്രധാനപ്പെട്ടവ അമൃതാരിഷ്ടം, സുദര്‍ശനാസവം, വെട്ടുമാറന്‍ ഗുളിക, ശീതജ്വരാരി ക്വാഥം തുടങ്ങിയവയാണ്. രോഗാവസ്ഥയ്ക്കനുസരിച്ച് അനേകം ഔഷധങ്ങള്‍ ജ്വരചികിത്സയില്‍ ഉപയോഗിയ്ക്കാറുണ്ട്. ആഹാരം ലഘുവായിരിയ്ക്കണം. (കഞ്ഞി, ചെറുപയര്‍, മുതിര തുടങ്ങിയവ). ശരീരം വിയര്‍പ്പിയ്ക്കുന്നതും, ആവി കൊള്ളുന്നതും സ്രോതസ്സുകളില്‍ ഉണ്ടാകുന്ന തടസ്സം മാറ്റുന്നു. വിശപ്പും ദഹനശക്തിയും വര്‍ദ്ധിപ്പിയ്ക്കാന്‍ അഷ്ടചൂര്‍ണ്ണം, കാച്ചിയമോരില്‍ ചേര്‍ത്ത് കഴിയ്ക്കാവുന്നതാണ്. പനിയോടനുബന്ധിച്ചുള്ള തൊണ്ടവേദനയ്ക്ക് വ്യോഷാദിവടകം, താലീസപത്രാദി ചൂര്‍ണ്ണം, മൃദ്വീകാദിലേഹം എന്നിവ ഫലപ്രദമാണ്. രാസ്നാദി ചൂര്‍ണ്ണം നെറുകയില്‍ തിരുമ്മുന്നത് നീര്‍വീഴ്ച്ച ഇല്ലാതാക്കാന്‍ നല്ലതാണ്. .
കുട്ടികള്‍ക്ക് രോഗങ്ങളുണ്ടാവാതിരിക്കണമെങ്കില്‍ രോഗകാരണങ്ങളെക്കുറിച്ചും നിയന്ത്രണമാര്‍ഗ്ഗങ്ങളെക്കുറിച്ചും രക്ഷിതാക്കള്‍ അതീവ ശ്രദ്ധാലുക്കളാകേണ്ടതാണ്. പരിസരമലിനീകരണം, ശുചിത്വമില്ലാത്ത പ്രദേശങ്ങള്‍, മലിനീകരിക്കപ്പെട്ട ജലം എന്നിവയെല്ലാം കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്. വ്യക്തിശുചിത്വത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികള്‍ക്ക് കൂടുതല്‍ അറിവുനല്‍കേണ്ടതാണ്. സ്കൂളുകള്‍ കേന്ദ്രീകരിച്ച് സമഗ്ര ആരോഗ്യപഠനപദ്ധതിയില്‍ രോഗങ്ങളെക്കുറിച്ചും അവയുടെ നിവാരണമാര്‍ഗ്ഗങ്ങളെക്കുറിച്ചുമുള്ള അറിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കാന്‍ എല്ലാ ആരോഗ്യശാസ്ത്രശാഖയിലുള്ളവരും അദ്ധ്യാപകരും ശ്രദ്ധിക്കേണ്ടതാണ്. മലിനജലം, ആഹാരം എന്നിവ ഉപയോഗിക്കാതിരിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
കുട്ടികള്‍ക്കുണ്ടാവുന്ന അസുഖങ്ങള്‍, ചികിത്സകള്‍, രോഗം വരാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍, ശരീരപുഷ്ടിയുണ്ടാക്കി ആരോഗ്യത്തോടെയിരിക്കുവാനുള്ള ശാസ്ത്രനിര്‍ദ്ദേശങ്ങളടങ്ങിയ ആയുര്‍വേദചികിത്സാവിഭാഗം ‘കൗമാരഭൃത്യം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. നമ്മുടെ വീട്ടുമുറ്റത്ത് ചെറിയ ഒരു ഔഷധത്തോട്ടം അല്ലെങ്കില്‍ വിദ്യാലയങ്ങളില്‍ ഔഷധസസ്യങ്ങള്‍ വളര്‍ത്തുക വഴി പല രോഗങ്ങളെയും പ്രാഥമികമായി നേരിടാന്‍ സാധിക്കും. മുയല്‍ച്ചെവി,പുളിയാരില, മുക്കുറ്റി, തുളസി, തുമ്പ, ആടലോടകം, കൂവളം, തെച്ചി, കഞ്ഞിക്കൂര്‍ക്കില, എന്നു തുടങ്ങി നിരവധി ഔഷധസസ്യങ്ങള്‍ വച്ചു പിടിപ്പിക്കാവുന്നതാണ്.
ചെറിയ കുട്ടികള്‍ക്കുണ്ടാവുന്ന പനി, ചുമ എന്നിവയില്‍ കഞ്ഞിക്കൂര്‍ക്കില നീര് തേന്‍ ചേര്‍ത്തു സേവിക്കാവുന്നതാണ്. കുട്ടികള്‍ക്ക് നല്‍കുന്ന ഔഷധങ്ങള്‍, സേവിക്കേണ്ടസമയം, മാത്ര, ആഹാരം എന്നിവയെല്ലാം ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ചായിരിക്കണം.
ആയുസ്സിനെ സംബന്ധിച്ച വിജ്ഞാനം ഏതൊന്നിലാണോ സ്ഥിതിചെയ്യുന്നത് അഥവാ എന്തുകൊണ്ടാണോ ആയുസ്സിനെ പ്രാപിയ്ക്കുവാന്‍ കഴിയുന്നത് ആ ശാസ്ത്രമാണ് ആയുര്‍വേദം എന്ന് സുശ്രുതാചാര്യന്‍ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യായുസ്സിന്‍റെ പ്രധാന ലക്ഷ്യം ധര്‍മ്മാര്‍ത്ഥസുഖങ്ങളെ ലഭിയ്ക്കലാണ്. ലോകധര്‍മ്മം നിലനില്ക്കണമെങ്കില്‍ ആരോഗ്യപൂര്‍ണ്ണമായ ആയുസ്സ് കൂടിയേതീരൂ. ഈ ലോകത്തുള്ള എല്ലാകര്‍മ്മങ്ങളും മനുഷ്യന്‍റെ സുഖത്തിനു വേണ്ടിയുള്ളതാക്കി മാറ്റാന്‍ വെമ്പല്‍കൊള്ളുന്ന ഒരു കാലമാണിത്.
തൊഴില്‍പരമായുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍, സമയനിഷ്ഠയില്ലാതുള്ള, വിശ്രമമില്ലാതുള്ള അധികജോലി, എപ്പോഴും ജോലിയുടെ തിരക്കുകളെക്കുറിച്ച് മാത്രമുള്ള ചിന്ത, സമയത്ത് തീര്‍ക്കാന്‍ പറ്റാതിരിയ്ക്കുക എന്നിങ്ങനെ നിരവധി കാരണങ്ങളാല്‍ ശരീരത്തെ ബാധിയ്ക്കുന്ന വ്യാധികള്‍ മനസ്സിനെയും ബാധിച്ച് അസ്വാസ്ഥ്യമുണ്ടാക്കുന്നതായി കണ്ടുവരുന്നുണ്ട്. രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം എന്നിവയെല്ലാം ഇക്കാലത്ത് വര്‍ദ്ധിച്ചുവരുന്നുണ്ട്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവുകയുള്ളൂ. വര്‍ത്തമാനകാലത്തില്‍ പുരാണഇതിഹാസങ്ങളുടെ പാരായണം കുറഞ്ഞുവരുന്നതായി കാണുന്നു. വായന മനോബലം നല്‍കുന്ന ഔഷധമാണ്. വസ്തുതകളെ സംയമനത്തോടെ കണ്ട് പുരോഗമനാത്മകമായി പ്രതികരിച്ച് ഫലപ്രാപ്തിയിലെത്തിയ്ക്കുവാന്‍, നല്ല ചിന്തകളെ ഉണ്ടാക്കുവാന്‍ സഹായിയ്ക്കുന്നത് പ്രസിദ്ധ ഗ്രന്ഥങ്ങളുടെ പാരായണമാണ്. പ്രാണായാമം പോലുള്ളവ ചെയ്യുന്നത് ശ്വാസകോശരോഗങ്ങള്‍ ശമിപ്പിയ്ക്കുന്നതിനും അസ്വസ്ഥമായ മനസ്സിനെ ശാന്തമാക്കാനും ഉത്തമമാണ്. നമുക്ക് നാം തന്നെയാണ് നരകവും സ്വര്‍ഗ്ഗവും പണിയുന്നത് എന്ന കവിവചനം സ്മരണീയമാണ്. ലോകത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ സ്വാസ്ഥ്യമുണ്ടാവണമെന്ന ലക്ഷ്യമാണ് ഋഷിപ്രോക്തമായ ഭാരതീയ വൈദ്യശാസ്ത്രത്തിനുള്ളത്. എന്നും ഹിതവും മിതവുമായ ആഹാരം, എല്ലാ കാര്യങ്ങളിലും പക്വതയോടുകൂടിയുള്ള സമീപനം ആരോഗ്യകാര്യങ്ങളില്‍ അതീവ ശ്രദ്ധ, ആയുര്‍വേദ ഉപദേശങ്ങളില്‍ താല്‍പ്പര്യം എന്നിവയെല്ലാം തന്നെ ദീര്‍ഘായുസ്സുണ്‍ണ്ടാവാന്‍ വേണ്ടിയുള്ളതാണെന്നുള്ള തിരിച്ചറിവ് എല്ലാവര്‍ക്കും ആവശ്യമാണ്. വര്‍ദ്ധിച്ചുവരുന്ന ആയുര്‍വേദത്തിന്‍റെ സ്വീകാര്യതയും അതാണ് സൂചിപ്പിയ്ക്കുന്നത്.
മഴക്കാലത്ത് അസുഖങ്ങള്‍ വര്‍ദ്ധിയ്ക്കുന്നതായി കാണാം . വര്‍ഷകാലത്ത് വാതദോഷം പിത്തകഫങ്ങളോടൊപ്പം ചേര്‍ന്ന് ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാക്കും .കര്‍ക്കടകമാസത്തില്‍, വൃദ്ധരില്‍ ശരീര ബലം ഉണ്ടാവാന്‍ ആയുര്‍വേദചികിത്സകകള്‍ ചെയ്യുന്നത് നല്ലതാണ് .
ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചതോടുകൂടി വൃദ്ധജനങ്ങളുടെ എണ്ണം കൂടുന്നതായി ആധികാരിക പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടുപോവാതെ അവരെ സംരക്ഷിയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വിവിധ ആരോഗ്യശാഖകളുടെ സഹായത്തോടെ സാധിതമാക്കേണ്ടതുണ്ട്.
പ്രമേഹരോഗികള്‍ ആയുര്‍വേദ ഔഷധങ്ങള്‍ ഉപയോഗിയ്ക്കുന്നത് നിര്‍ബന്ധമായും വൈദ്യനിര്‍ദ്ദേശാനുസൃതമായി മാത്രം വേണ്ടതാണ്.
വാര്‍ദ്ധക്യത്തിലെ ഓര്‍മ്മക്കുറവ്, പരസ്പരബന്ധമില്ലാത്ത സംസാരം, വിഷാദം എന്നിവയില്‍ മാനസമിത്രവടകം ഫലപ്രദമാണ്. ബ്രാഹ്മരസായനം പ്രതിരോധശക്തി വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന ഔഷധമാണ്.
വിവിധരോഗങ്ങളില്‍ പ്രാഥമികമായി അനുഭവപ്പെടുന്ന ഒന്നാണ് വേദന. വേദന ശരീരത്തില്‍ ഏതുഭാഗത്താണ് എന്തുകാരണം കൊണ്ടാണ് കൂടുന്നത് അതല്ലെങ്കില്‍ ശമിയ്ക്കുന്നത്, തുടക്കം, എത്രസമയം ഉണ്ടാകുന്നു, തീവ്രത, സമയം, രോഗിയുടെ പ്രായം, ബലം, കാലാവസ്ഥ എന്നിവയെല്ലാം ചികിത്സയെ സ്വാധീനിയ്ക്കുന്ന പ്രധാനഘടകങ്ങളാണ്.
വാതകോപം, ശരീരത്തിലുണ്ടാവുന്നതിന് നിരവധി കാരണങ്ങളുണ്ട്. വേദന നിരവധി വാതരോഗങ്ങളുടെ പ്രധാന ലക്ഷണവുമാണ്. തണുത്ത കാലാവസ്ഥ, തണുത്തകാറ്റ്, തണുത്ത വസ്തുക്കളുടെ അമിത ഉപയോഗം, അധികം ഉറക്കമൊഴിയ്ക്കുക, ശരീരശക്തിയ്ക്കനുസരിച്ചല്ലാതുള്ള കഠിനാദ്ധ്വാനം, അധികം വഴി നടക്കുക, അതിവ്യായാമം, പോഷകാഹാരം കഴിയ്ക്കാതിരിയ്ക്കുക, അടി, ഇടി മുതലായവ ഏല്‍ക്കുക, അധികം യാത്ര ചെയ്യുക, മലമൂത്ര വേഗങ്ങള്‍ വേണ്ടസമയത്ത് വിസര്‍ജ്ജനം ചെയ്യാന്‍ സാധിയ്ക്കാതിരിയ്ക്കുക, അനാവശ്യമായ ചിന്തകള്‍ എന്നു തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ട് വാതം കോപിച്ച് ശരീരത്തില്‍ വിവിധങ്ങളായ വേദനകളെ ഓരോ അവയവത്തെയും ആശ്രയിച്ച് ഉണ്ടാക്കും.
അര്‍ദ്ദിതം, പക്ഷാഘാതം, ആക്ഷേപകം, ഗൃദ്ധ്രസി, അപബാഹുകം, സന്ധിഗതവാതം, പ്രമേഹം എന്നിങ്ങനെ നിരവധി രോഗങ്ങളില്‍ വാതകോപമുണ്ടായി വിവിധതരത്തിലുള്ള കഠിനമായ വേദനകള്‍ ശരീരത്തിലുണ്ടാവാറുണ്ട്. പേശികള്‍ക്കുണ്ടാകുന്ന വേദന, സന്ധികള്‍ക്കുണ്ടാകുന്ന വേദന, നടുവേദന, തലവേദന എന്നിവയിലെല്ലാം ബാഹ്യമായ ലേപപ്രയോഗം കൊണ്ട് താല്‍ക്കാലിക ആശ്വാസം ലഭിയ്ക്കുന്നതാണ്.
എണ്ണതേച്ച് കുളിയ്ക്കുന്നതു പതിവാക്കിയ ഒരു സമൂഹമാണ് ഇവിടെ ഉണ്ടായിരുന്നത്. വീട്ടില്‍ത്തന്നെ എണ്ണകാച്ചിയുണ്ടാക്കുന്ന ഒരു ശീലം നമുക്ക് പണ്ടുണ്ടായിരുന്നു. കാലക്രമേണ എണ്ണ തേയ്ക്കുന്നത് അപരിഷ്കാരശീലമായി കാണാന്‍ തുടങ്ങിയതുമുതല്‍ വാതസംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിച്ചതോതില്‍ ബാധിയ്ക്കാന്‍ തുടങ്ങി. എന്നും എണ്ണതേച്ചുകുളിയ്ക്കുന്നത് ജരാനരകള്‍ ഇല്ലാതാക്കാനും, വാതസംബന്ധമായ രോഗങ്ങള്‍ വരാതിരിയ്ക്കാനും, നല്ലകാഴ്ചശക്തിയ്ക്കും ശരീരപുഷ്ടി വര്‍ദ്ധിയ്ക്കാനും തൊലിയ്ക്ക് മാര്‍ദ്ദവമുണ്ടാകാനും സുഖകരമായ നിദ്രയുണ്ടാവാനും വളരെ നല്ലതാണ്. അഭ്യംഗം കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങള്‍ നിരവധിയാകയാല്‍ അതൊരു ശീലമാക്കിയെടുക്കേണ്ടത് ആവശ്യമാണ്.
ഇന്ന് ധാരാളമായി കണ്ടുവരുന്ന രോഗങ്ങളായ സയാറ്റിക്ക, ഓസ്റ്റിയോ ആര്‍ത്രൈിറ്റിസ്, സ്പോണ്‍ഡൈലോസിസ്, മയാള്‍ജിയ, ഫ്രോസന്‍ ഷോള്‍ഡര്‍, ജോയന്‍റ് പെയ്ന്‍, തുടങ്ങിയവയില്‍ അനുയോജ്യമായ തൈലങ്ങളുടെ വൈദ്യനിര്‍ദ്ദേശപ്രകാരമുള്ള ഉപയോഗം രോഗശമനത്തെ ഉണ്ടാകാന്‍ സഹായിയ്ക്കും.
ശാരീരികവും മാനസികവും സാമൂഹികവുമായ പരിപൂര്‍ണ സ്വാസ്ഥ്യമാണ് ആരോഗ്യം. ഈ അവസ്ഥ ഉണ്ടാക്കാനും പരിരക്ഷിയ്ക്കാനും മനുഷ്യന്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളാണ് ആയുര്‍വേദം പറയുന്നത്. ഇതിന്നുപുറമെ ആയുര്‍വേദം ഒരു തത്ത്വശാസ്ത്രവുമാണ്. മനുഷ്യനേയും അവന്‍റെ ജീവിതത്തേയും ബാധിയ്ക്കുന്ന അടിസ്ഥാന കാര്യങ്ങളാണ് ആയുര്‍വേദത്തിന്‍റെ ചര്‍ച്ചാവിഷയം.
ത്രിദോഷസിദ്ധാന്തം ആയുര്‍വേദശാസ്ത്രത്തിന്‍റേയും പ്രയോഗക്രമത്തിന്‍റേയും അടിസ്ഥാനമാണ്. ഓരോ മനുഷ്യന്‍റേയും ശരീരപ്രകൃതിയും, സ്വഭാവവിശേഷവും, ആരോഗ്യനിലയും, എല്ലാം വ്യത്യസ്തവും അദ്വിതീയവുമാവും എന്നതാണ് ഈ അടിസ്ഥാനതത്വം. ഇക്കാരണത്താല്‍, ആയുര്‍വേദപ്രകാരമുള്ള ചികിത്സാസമീപനം, പ്രതിജനഭിന്നമായിരിയ്ക്കും. ഇതിന്‍റെ അര്‍ത്ഥം, ചികിത്സ രോഗിയ്ക്കല്ല, രോഗത്തിനാണ് എന്നാണ്. ആയുര്‍വേദത്തെ മറ്റു ചികിത്സാസമ്പ്രദായങ്ങളില്‍നിന്ന് വ്യതിരിക്തമാക്കുന്ന ഘടകങ്ങളില്‍ പ്രധാനമായ ഒന്ന് ഈ തത്ത്വമാണ്.🟩
കര്‍ക്കടക ചികിത്സ ബെംഗളൂരു ജയനഗറിലെ ആര്യവൈദ്യശാലയില്‍ ലഭ്യമാണ്. ഫോണ്‍: 080 2657 2956
















