ഡല്‍ഹി: യുക്രൈനിലെ ഒഡെസ തുറമുഖത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാതായതായി ഇന്ത്യൻ എംബസി അറിയിച്ചു. മറ്റ് രണ്ടുപേർ സുരക്ഷിതരാണെന്നും എംബസി വ്യക്തമാക്കി. എംവി എജിഎൻ രാഗ്നർ എന്ന ചരക്കുകപ്പലിന് നേരെയാണ് ശനിയാഴ്ച ആക്രമണമുണ്ടായത്.
സംഭവസമയത്ത് നാല് ഇന്ത്യൻ പൗരന്മാർ കപ്പലിലുണ്ടായിരുന്നുവെന്ന് എംബസി സ്ഥിരീകരിച്ചു. ലഭ്യമായ ഏറ്റവും പുതിയ വിവരമനുസരിച്ച്, രണ്ടുപേർ സുരക്ഷിതരാണെങ്കിലും മറ്റ് രണ്ടുപേരുടെ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. കാണാതായവരെ കണ്ടെത്തുന്നതിനായി പ്രാദേശിക അധികൃതരുമായി സഹകരിച്ച് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
ആക്രമണത്തിന് പിന്നിലെ സാഹചര്യമോ കപ്പലിലുണ്ടായിരുന്ന ആകെ ജീവനക്കാരുടെ എണ്ണമോ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. കാണാതായ ഇന്ത്യക്കാരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാന കരിങ്കടല്‍ തുറമുഖമായ ഒഡെസയില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ പതിവാണ്.
സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുക്രൈനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് വീണ്ടും അഭ്യർഥിച്ച എംബസി, രാജ്യത്തുള്ള ഇന്ത്യക്കാർക്ക് ആവശ്യമായ കോണ്‍സുലാർ സഹായം തുടർന്നും ലഭ്യമാക്കുന്നുണ്ടെന്നും അറിയിച്ചു.
SUMMARY: Russian drone attack on cargo ship in Ukraine: Two Indian nationals missing
















