ബെംഗളൂരു: നഗരത്തെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഓഗസ്റ്റ് 1 മുതൽ ‘ഫ്രീഡം ഫ്രം വേസ്റ്റ്’ കാമ്പയിന് തുടക്കമിടും. വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ഈ പ്രത്യേക ശുചീകരണ യജ്ഞത്തിൽ പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്യുക, നടപ്പാതകൾ കൈയേറ്റങ്ങളിൽ നിന്നും തടസ്സങ്ങളിൽ നിന്നും മുക്തമാക്കുക, പൊതുസ്ഥലങ്ങളുടെ ശുചിത്വം ഉറപ്പാക്കുക തുടങ്ങിയ നടപടികളാണ് പ്രധാനമായും നടപ്പാക്കുക.
കാമ്പയിന്റെ ഭാഗമായി ബെസ്‌കോം, ബി.എം.ടി.സി., ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് , ട്രാഫിക് പൊലീസ്, പൊതുമരാമത്ത് വകുപ്പ് തുടങ്ങി വിവിധ ഏജൻസികളുടെ സഹകരണത്തോടെ നഗരത്തിലെ പ്രധാന റോഡുകളും ഫുട്പാത്തുകളും പരിശോധിക്കും. കാൽനടയാത്രക്കാർക്ക് അപകടമുണ്ടാക്കുന്ന വൈദ്യുതി തൂണുകൾ, ജങ്ഷൻ ബോക്സുകൾ, തൂങ്ങിക്കിടക്കുന്ന കേബിളുകൾ, മറ്റ് അനാവശ്യ തടസ്സങ്ങൾ എന്നിവ കണ്ടെത്തി ഘട്ടംഘട്ടമായി നീക്കം ചെയ്യും.
നഗരത്തിലെ ഒഴിഞ്ഞ പ്ലോട്ടുകളിൽ മാലിന്യം തള്ളുന്നത് തടയുന്നതിനും പ്രത്യേക ശ്രദ്ധ നൽകും. പ്ലോട്ട് ഉടമകൾക്ക് ഓഗസ്റ്റ് 15 വരെ സ്ഥലം വൃത്തിയാക്കാൻ സമയം അനുവദിച്ചിട്ടുണ്ടെന്നും, തുടർന്ന് മാലിന്യം നീക്കം ചെയ്യാത്തവർക്കെതിരെ പിഴയും മറ്റ് നിയമനടപടികളും സ്വീകരിക്കുമെന്നും ജി.ബി.എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
‘ഫ്രീഡം ഫ്രം വേസ്റ്റ്’ കാമ്പയിൻ ഒരു ശുചീകരണ പരിപാടി മാത്രമല്ല, നഗരത്തിന്റെ പൊതുഇടങ്ങൾ കൂടുതൽ സുരക്ഷിതവും കാൽനടയാത്രക്കാർക്ക് സൗഹൃദപരവുമാക്കാനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമാണെന്ന് അധികൃതർ അറിയിച്ചു. വിവിധ വകുപ്പുകൾക്ക് സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കാമ്പയിന്റെ പുരോഗതി നേരിട്ട് നിരീക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
SUMMARY: ‘Freedom from Waste’ campaign to begin from August 1; Extensive cleaning efforts begin in Bengaluru city
















