ന്യൂഡൽഹി: കേരളത്തിലെ ഹൈസ്പീഡ് റെയിൽ, സിൽവർ ലൈൻ പദ്ധതികൾ ഉപേക്ഷിച്ചതായി കേന്ദ്രസർക്കാർ രാജ്യസഭയിൽ അറിയിച്ചു. മൂന്ന്, നാല് പാതയുടെ വികസനത്തിന് മാത്രമാണ് നിലവിൽ മുൻഗണനയെന്നും റെയിൽവേ മന്ത്രാലയം ജോൺ ബ്രിട്ടാസ് എം.പി.യുടെ ചോദ്യത്തിന് മറുപടി നൽകിക്കൊണ്ട് വ്യക്തമാക്കി. കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറി പദ്ധതിയും ഉപേക്ഷിച്ചതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി. റെയില്‍വേക്ക് കീഴിലുള്ള കോച്ച് നിര്‍മ്മാണ യൂണിറ്റുകള്‍ ഇപ്പോഴത്തെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണെന്നും അശ്വിനി വൈഷ്ണവ് വിശദീകരിച്ചു. പദ്ധതിക്കായി സംസ്ഥാനം ഏറ്റെടുത്ത് നല്കിയ 228 ഏക്കര്‍ ഭൂമി റെയില്‍വേയുടെ ഭാവി വികസനം, പ്രവര്‍ത്തന ആവശ്യങ്ങള്‍ എന്നിവയ്ക്കായി മാറ്റിവയ്ക്കുകയാണെന്നും റെയില്‍വേ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു.
‘മുഴുവനായുള്ള റെയില്‍വേയുടെ പ്രവര്‍ത്തന ആവശ്യങ്ങളുമായി ബന്ധപ്പെട്ട റോളിങ് സ്റ്റോക്കുകളുടെ(ലോക്കോമോട്ടീവുകള്‍, ഫ്രീറ്റ്-പാസഞ്ചര്‍ കാറുകള്‍/കോച്ചുകള്‍, നോണ്‍ റെവന്യു കാര്‍ എന്നിവ) ലഭ്യതയ്ക്കായാണ് കോച്ച് നിര്‍മാണ യൂണിറ്റുകള്‍ സാധാരണയായി ആരംഭിക്കുന്നത്. നിലവിലുള്ള ഉത്പാദന യൂണിറ്റുകളില്‍ നിന്നും ഇവ ആവശ്യത്തിന് ലഭിക്കുന്നുണ്ട്. കേരളത്തില്‍ കോച്ച് ഫാക്ടറിക്കായി നീക്കിവച്ച ഭൂമി വകുപ്പിന്റെ പ്രവര്‍ത്തന ആവശ്യങ്ങള്‍ക്ക് അനുസരിച്ച് വിനിയോഗിക്കും’- അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
അതേസമയം സംസ്ഥാന സർക്കാരിന്റെ കടുത്ത പിടിപ്പുകേട് കാരണമാണ് പാലക്കാട് കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും കേരളത്തിന് നഷ്ടമായതെന്ന് ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു. ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന അർദ്ധഅതിവേഗ പാത സംസ്ഥാന സർക്കാർ ഉപേക്ഷിച്ചതിനാൽ ഇനി അതിൽ ചർച്ചകളൊന്നും സാധ്യമല്ലെന്നും, ഇ. ശ്രീധരൻ സമർപ്പിച്ച രണ്ടാമത്തെ പദ്ധതിയും കേരള സർക്കാർ വേണ്ടെന്നുവെച്ചതിനാൽ അതിലും ഇനി ചർച്ചകൾക്കൊന്നും പ്രസക്തിയില്ലെന്നുമാണ് കേന്ദ്ര നിലപാടെന്ന് ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.
ഇ. ശ്രീധരൻ നൽകിയ അതിവേഗ റെയിൽ പ്രൊപ്പോസൽ പഠിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ അത് ചവറ്റുകൊട്ടയിൽ എറിയുകയായിരുന്നുവെന്നും ഇ. ശ്രീധരന്റെ പദ്ധതി തള്ളാൻ വേണ്ടി മാത്രമാണ് സംസ്ഥാന സർക്കാർ വിദഗ്ധ സമിതിയെ രൂപീകരിച്ചതെന്നും എംപി കുറ്റപ്പെടുത്തി.
മുൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതിയെയും ഇ. ശ്രീധരന്റെ പദ്ധതിയെയും ഒരുപോലെ എതിർത്ത സംസ്ഥാന സർക്കാരിന്റെ നിലപാട് കേന്ദ്രത്തിന് കൂടുതൽ സൗകര്യപ്രദമായി. ഇനി ഇത്തരമൊരു പദ്ധതിയും കേരളത്തിന് ലഭിക്കില്ലെന്നാണ് കേന്ദ്രം പരോക്ഷമായി വ്യക്തമാക്കുന്നതെന്നും എംപി പറഞ്ഞു.
SUMMARY: Kerala does not have a high-speed rail line or a coach factory in Kanchikode; Center abandons projects
















