മലപ്പുറം: മലപ്പുറം ചെമ്മാട് നിന്നും അനധികൃത സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്ത കേസില്‍ ഒരാളെ കൂടി ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ അറസ്റ്റ് ചെയ്തു. പ്രതിയായ ഹാരിസ് ടി.എ. ആണ് മഞ്ചേരിയില്‍ നിന്നും എൻഐഎയുടെ വലയിലായത്. ഇതോടെ കേസില്‍ ആകെ പിടിയിലായവരുടെ എണ്ണം 10 ആയി.
സ്ഫോടക വസ്തുക്കള്‍ അനധികൃതമായി വാങ്ങിയതില്‍ പ്രധാന ആസൂത്രകനാണ് ഇയാളെന്നാണ് എൻഐഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. 2026 ഫെബ്രുവരി 7ന് മലപ്പുറത്തെ ചെമ്മാട്-തലപ്പാറ റോഡിലുള്ള ഫർഹ ഹോളോ ബ്രിക്സ് കമ്പനിയില്‍ പാർക്ക് ചെയ്തിരുന്ന ലോറിയില്‍ നിന്നും 89,600 ഡിറ്റനേറ്റർ സ്റ്റിക്കുകള്‍, 10,500 നോണ്‍ ഇലക്‌ട്രിക് ഷോക്ക് ട‍്യൂബുകള്‍ എന്നിവ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്.
അന്ന് ലോറി തടഞ്ഞു നിർത്തി മൂന്നു പേരെ കേരള പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്ക് ലൈസൻസോ, സ്ഫോടകവസ്തുക്കള്‍ കൊണ്ടുപോകാനുള്ള അനുമതിയോ ഉണ്ടായിരുന്നില്ല. പിന്നീട് കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു.
അന്വേഷണത്തിന്‍റെ ഭാഗമായി മൂന്ന് സംസ്ഥാനങ്ങളില്‍ 19 ഇടങ്ങളില്‍ എൻഐഎ റെയ്ഡ് നടത്തി. ഓഗസ്റ്റ് 7ന് കർണാടകയിലെ വിജയപുരയില്‍ നിന്നും മൂന്ന് പ്രതികളെ കൂടി എൻഐഎ പിടികൂയിരുന്നു. ഇതിനു പിന്നാലെയാണ് ഹാരിസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ഫോടക വസ്തുക്കള്‍ നിയമവിരുദ്ധമായി കൈവശം വച്ചതും കടത്തിയതിനെ പറ്റിയും അന്വേഷണം തുടരുകയാണെന്ന് എൻഐഎ വ‍്യക്തമാക്കി.
SUMMARY: Prime accused arrested in the case involving the recovery of explosives in Malappuram
















