യൂറോപ്പ്: കാറോട്ടമത്സരത്തില്‍ നടൻ അജിത് കുമാറിന്റെ വാഹനം വീണ്ടും അപകടത്തില്‍പ്പെട്ടു. യൂറോപ്പില്‍ നടന്ന എൻഡുറൻസ് റേസിനിടെയാണ് സംഭവം. അപകടത്തില്‍ നടന് പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ‘അജിത് കുമാർ റേസിങ്’ എന്ന സ്വന്തം ടീം രൂപീകരിച്ച് അന്താരാഷ്ട്ര മോട്ടോർസ്പോർട്ട് വേദികളില്‍ സജീവമാണ് അജിത്. ഏഷ്യൻ ലെ മാൻസ് സീരീസ്, മിഷെലിൻ ലെ മാൻസ് കപ്പ് തുടങ്ങിയ എൻഡുറൻസ് റേസിങ് മത്സരങ്ങളില്‍ ടീം പങ്കെടുക്കുന്നുണ്ട്.
മത്സരത്തിനിടെ അജിത്തിന്റെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ട്രാക്കിലുണ്ടായിരുന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയുമായിരുന്നു എന്നാണ് ‘ഫിലിമിബീറ്റ് തമിഴ്’ റിപ്പോർട്ട് ചെയ്യുന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. അപകടത്തിന് പിന്നാലെ അജിത് സുരക്ഷിതമായി കാറില്‍നിന്ന് പുറത്തിറങ്ങി. അജിത് അപകടത്തില്‍പ്പെടുന്നത് ഇതാദ്യമല്ല. മുൻപും റേസിങ്ങിനിടെയും പരിശീലനത്തിനിടെയും അദ്ദേഹം അപകടങ്ങളില്‍പ്പെട്ടിട്ടുണ്ട്. അപകടസാധ്യതകള്‍ക്കിടയിലും മോട്ടോർസ്പോർട്ടിനോടുള്ള അഭിനിവേശം തുടരുകയാണ് താരം.
SUMMARY: Actor Ajith Kumar’s vehicle met with an accident during a car race in Europe
















