തിരുവനന്തപുരം: കേരള സർവകലാശാല കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നാലുവർഷ ബിരുദ പ്രോഗ്രാമിലെ സെമസ്റ്റർ ഒന്ന്, നാല്, സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷാഫലങ്ങളിൽ വ്യാപകമായ പിഴവുകൾ ഉയർന്നതിനെ തുടർന്ന് പ്രസിദ്ധീകരിച്ച ഫലങ്ങൾ പിൻവലിച്ചു. മുൻ സർക്കാർ നടപ്പാക്കിയ കെ റിപ്പ് സോഫ്റ്റ്വെയറിലെ പാക പിഴകൾ കാരണം പ്രസ്തുത സോഫ്റ്റ്വെയര് പിൻവലിക്കാനും യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സെന്ററിന്റെ സോഫ്റ്റ്വെയർ പുനസ്ഥാപിക്കാനും സിൻഡിക്കേറ്റിൽ ധാരണയായി.
ചില വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക് രേഖപ്പെടുത്തുകയും ചെയ്തതുൾപ്പെടെയുള്ള ഗുരുതര സാങ്കേതിക പിഴവുകളാണ് ഫലങ്ങളിൽ ഉണ്ടായിരുന്നത്. സോഫ്റ്റ്വെയർ പോർട്ടലിലെ പ്രശ്നങ്ങൾ കാരണം ഭൂരിഭാഗം വിദ്യാർഥികൾക്കും തങ്ങളുടെ മാർക്ക്ലിസ്റ്റ് ഡൗൺലോഡ് ചെയ്യാൻ പോലും സാധിച്ചിരുന്നില്ല. കെ-റീപ്പ് സോഫ്റ്റ്വെയറിന്റെ പരാജയമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് സിൻഡിക്കേറ്റിന്റെ വിലയിരുത്തൽ.
സോഫ്റ്റ്വെയർ പൂർണമായി ഒഴിവാക്കി കോളജുകളിൽ നിന്ന് എക്സൽ ഷീറ്റുകൾ വഴി നേരിട്ട് മാർക്കുകൾ ശേഖരിച്ച് അപാകതകൾ പരിഹരിക്കാനാണ് സർവകലാശാലയുടെ നിലവിലെ തീരുമാനം. പുതുക്കിയ പരീക്ഷാഫലങ്ങൾ എത്രയും വേഗം കൃത്യതയോടെ പ്രസിദ്ധീകരിക്കുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു.
SUMMARY: Serious software glitch: Kerala University withdraws published exam results.
















