ബെംഗളൂരു: വരും ദിവസങ്ങളിൽ കർണാടകയിലുടനീളം വ്യാപകമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതേ തുടര്ന്ന് 16 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബീദർ, കലബുറഗി, യാദ്ഗിർ, വിജയപുര, ബെലഗാവി, ധാർവാഡ്, ഹവേരി, ഗദഗ്, ശിവമോഗ, ചിക്കമഗളൂരു, ഹാസൻ, കൊടഗ്, ബെംഗളൂരു, കോലാർ, ചിക്കബല്ലാപുര, ബെംഗളൂരു സൗത്ത് എന്നി ജില്ലകളിലാണ് യെല്ലോ അലർട്ട്.
സെപ്റ്റംബർ 20 മുതൽ 24 വരെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനമാണ് മഴ ശക്തമാകാൻ കാരണമാകുന്നതെന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്തിന്റെ തീരദേശ കർണാടക, വടക്കൻ ഉൾനാടൻ കർണാടക, തെക്കൻ ഉൾനാടൻ കർണാടക മേഖലകളിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 20 മുതൽ തുടർച്ചയായി അഞ്ച് ദിവസത്തേക്ക് വിവിധ മേഖലകളിൽ ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
തെക്കൻ ഉൾനാടൻ കർണാടകയിൽ സെപ്റ്റംബർ 20 മുതൽ 24 വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്. വടക്കൻ ഉൾനാടൻ കർണാടകയിലും തീരദേശ മേഖലയിലും സമാനമായ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.
അതേസമയം, ബെംഗളൂരുവിലും മഴ തുടരാൻ സാധ്യതയുണ്ട്. നഗരത്തിൽ വരും ദിവസങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന കാലാവസ്ഥാ സംവിധാനം നഗരത്തിലും മഴയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്ന് കാലാവസ്ഥാ റിപ്പോർട്ടുകൾ പറയുന്നു.
ഞായറാഴ്ച രാവിലെ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. ചില പ്രദേശങ്ങളിൽ മിതമായതും മറ്റു ചിലയിടങ്ങളിൽ ശക്തമായതുമായ മഴയാണ് ലഭിച്ചത്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിലും മരങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും സമീപവും നിൽക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ വെള്ളക്കെട്ട് സംബന്ധിച്ച പ്രാദേശിക മുന്നറിയിപ്പുകളും ശ്രദ്ധിക്കണം.
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരുന്നതിനാൽ റോഡ് ഗതാഗതത്തെയും നഗരജീവിതത്തെയും മഴ ബാധിക്കാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് ബെംഗളൂരുവിൽ ഇതിനകം തന്നെ ഗതാഗതക്കുരുക്ക് രൂക്ഷമായ മേഖലകളിൽ മഴയും വെള്ളക്കെട്ടും സ്ഥിതി കൂടുതൽ ബുദ്ധിമുട്ടാക്കാൻ സാധ്യതയുണ്ട്.
















