ബെംഗളൂരു: ചരിത്രപ്രസിദ്ധമായ മൈസൂരു ദസറ ആഘോഷത്തിന് ഞായറാഴ്ച രാവിലെ 11.50 നും ഉച്ചയ്ക്ക് 12.13 നും ഇടയിൽ ചാമുണ്ഡിമലയിലെ ചാമുണ്ഡേശ്വരീക്ഷേത്രത്തിൽ നടക്കുന്ന പൂജയോടെ തുടക്കമാകും. കർണാടകത്തിലെ 350 മഠാധിപതികൾ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിക്കും. കൊപ്പാളിലെ ഗവിമഠം മഠാധിപതി അഭിനവ ഗവിസിദ്ധേശ്വര സ്വാമിയാണ് ഉത്സവത്തിന് തിരിതെളിയിക്കുക. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മൈസൂരുവിന്റെ ചുമതലയുള്ള മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ തുടങ്ങിയവർ പങ്കെടുക്കും. സാമൂഹിക– സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ഇതിനൊപ്പം നടക്കും. 21നു വിജയദശമി ദിനത്തിൽ നടക്കുന്ന ജംബോ സവാരിയോടെ ദസറ ചടങ്ങുകൾ സമാപിക്കും.
ദസറയുടെ ഭാഗമായുള്ള കലാപരിപാടികൾ, യുവദസറ, കാർഷിക ദസറ, കായിക ദസറ, പുഷ്പമേള, ഭക്ഷ്യമേള, പ്രദർശനം എന്നിവയും ഇന്നു തുടങ്ങും.
ദസറ ആഘോഷത്തിൽ ഇത്തവണ മൈസൂരുവിലെ 146 കിലോമീറ്റർ റോഡ് വൈദ്യുതിദീപാലങ്കാരത്തിൽ ശോഭിക്കും. 21 ദിവസം ദീപാലങ്കാരം കൊട്ടാരനഗരത്തിലെത്തുന്നവരെ വരവേൽക്കും.ചാമുണ്ഡിമലയുൾപ്പെടെ ദീപപ്രഭ ചൊരിയും. 199 റോഡുകളും 123 കവലകളും ദീപാലങ്കാരപ്രഭയിലമരും. ഇതിനുപുറമേ വൈദ്യുതിദീപങ്ങൾ വിന്യസിച്ച 80 നിശ്ചലദൃശ്യങ്ങളും നഗരത്തിന് പ്രൗഢി പകരും.
ആഘോഷത്തിന്റെ ഭാഗമായുള്ള ഡ്രോൺ പ്രദർശനത്തിന് ഇത്തവണ 3,500 എൽ.ഇ.ഡി. ഡ്രോണുകളെത്തും. ഒക്ടോബർ 17 മുതൽ 21 വരെ രാത്രി എട്ടിന് ഡ്രോണുകൾ മിഴിതുറക്കും. ഡ്രോണുകൾക്കൊണ്ട് ആകാശത്ത് മയിലിന്റെ രൂപം രചിച്ച് ഗിന്നസ് റെക്കോഡിൽ ഇടം പിടിക്കാനും ഇത്തവണ ലക്ഷ്യമിടുന്നുണ്ട്. വ്യോമസേനയുടെ അഭ്യാസ പ്രകടനത്തിന്റെ ആകാശക്കാഴ്ചകൾ ഇത്തവണയുമുണ്ട്. കുഞ്ഞു വിമാനങ്ങൾ കരണം മറിഞ്ഞും ചീറിപ്പാഞ്ഞും കാണികളെ കിടിലം കൊള്ളിക്കാൻ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീം എത്തും. 18 മുതൽ 20 വരെയാണ് ദസറ എയർഷോ ക്രമീകരിച്ചിരിക്കുന്നത്.
15 വേദികളിലായി നടക്കുന്ന ദസറയുടെ ഭാഗമായി നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 8,000 പോലീസുകാരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
SUMMARY: Mysuru Dasara begins today.
















