ബെംഗളൂരു: മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ എം.എം. സോമയ്യയുടെ ബെംഗളൂരുവിലെ വീട്ടിൽ മോഷണം. 1980-ലെ മോസ്കോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം നേടിയ സ്വർണ മെഡലുൾപ്പെടെ നാല് അന്താരാഷ്ട്ര മെഡലുകൾ മോഷ്ടാക്കൾ കവർന്നതായി റിപ്പോർട്ട്. ന്യൂ തിപ്പസന്ദ്രയിലെ വീട്ടിലാണ് മോഷണം നടന്നത്. ഒക്ടോബർ 28-ന് പുലർച്ചെയായിരുന്നു സംഭവം. രാവിലെ 7.15 ഓടെ അയൽവാസി സോമയ്യയുടെ വീടിന്റെ മുൻവാതിൽ തുറന്നുകിടക്കുന്നത് കണ്ട് അദ്ദേഹത്തെ വിവരമറിയിക്കുകയായിരുന്നു. അയൽപക്കത്തെ സിസിടിവി ദൃശ്യങ്ങളിൽ രണ്ട് അപരിചിതർ വീട്ടിലേക്ക് അതിക്രമിച്ചു കയറുന്നത് വ്യക്തമാണ്. ഒരാൾ നീല ഷർട്ടും മറ്റൊരാൾ ചുവന്ന ഷർട്ടുമാണ് ധരിച്ചിരുന്നത്.
രാജ്യത്തിന്റെ എട്ടാമത്തെ ഒളിമ്പിക് ഹോക്കി കിരീടമായ 1980-ലെ മോസ്കോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു എം.എം. സോമയ്യ. കൂടാതെ മറ്റ് അന്താരാഷ്ട്ര മത്സരങ്ങളിലെ മൂന്ന് മെഡലുകളും നഷ്ടപ്പെട്ടിട്ടുണ്ട്: 1982-ലെ ന്യൂഡൽഹി ഏഷ്യൻ ഗെയിംസിലെ വെള്ളി, 1986-ലെ സിയോൾ ഏഷ്യൻ ഗെയിംസിലെ വെങ്കലം, 1982-ലെ ആംസ്റ്റർഡാം ചാമ്പ്യൻസ് ട്രോഫിയിലെ മറ്റൊരു വെങ്കലം എന്നിവയാണ് അവ. ഇതിന് പുറമെ മറ്റ് 30,000 രൂപയും നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. ആകെ 3.53 ലക്ഷം രൂപയുടെ വസ്തുക്കൾ നഷ്ടപ്പെട്ടതായാണ് പോലീസ് കണക്ക്.
1984-ലെ ലോസ് ഏഞ്ചൽസ്, 1988-ലെ സിയോൾ ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും രണ്ടാമത്തെ ടൂർണമെന്റിൽ ദേശീയ ടീമിനെ നയിക്കുകയും ചെയ്തു. രണ്ട് ലോകകപ്പുകൾ, രണ്ട് ഏഷ്യൻ ഗെയിംസുകൾ, രണ്ട് ഏഷ്യ കപ്പുകൾ, മൂന്ന് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റുകൾ എന്നിവയും അദ്ദേഹത്തിന്റെ കരിയറിലുണ്ട്. ഇന്ത്യൻ ഹോക്കിക്ക് നൽകിയ സംഭാവനകൾ മുൻനിർത്തി 1985-ൽ അദ്ദേഹത്തിന് അർജുന അവാർഡ് ലഭിച്ചിട്ടുണ്ട്.
സംഭവത്തിൽ ഇന്ദിരാനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
SUMMARY: Ex-Indian hockey star’s house burglarized; The Olympic gold medal was also lost
















