ബെംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങൾ വാങ്ങുന്നവർക്ക് സംരക്ഷണ കണ്ണട നിർബന്ധമാക്കണമെന്ന ആവശ്യവുമായി ബെംഗളൂരുവിലെ സർക്കാർ നിയന്ത്രണത്തിലുള്ള മിന്റോ ഒഫ്താൽമിക് ആശുപത്രിയിലെ ഡോക്ടർമാർ രംഗത്ത്. പടക്കങ്ങൾ പൊട്ടിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളിൽ കണ്ണിനുണ്ടാകുന്ന ഗുരുതര പരിക്കുകൾ തടയുകയാണ് ലക്ഷ്യം.
പടക്കവിൽപ്പനക്കാർ പടക്കം വാങ്ങുന്നവർക്കൊപ്പം ആഘാതം താങ്ങാൻ കഴിയുന്ന സംരക്ഷണ കണ്ണടകളും നൽകണമെന്ന് സർക്കാർ നിർദേശം പുറപ്പെടുവിക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.
പടക്കങ്ങളിൽനിന്നുള്ള തീപ്പൊരി, ചൂടുള്ള അവശിഷ്ടങ്ങൾ, പൊട്ടിത്തെറിയിൽ തെറിക്കുന്ന കഷണങ്ങൾ എന്നിവ കണ്ണിൽ പതിക്കുന്നത് കാഴ്ചയ്ക്ക് സ്ഥിരമായ തകരാറുകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകാം.
ദീപാവലി സമയത്ത് പടക്കങ്ങൾ ഉപയോഗിക്കുമ്പോൾ കണ്ണുകൾക്ക് പരിക്കേൽക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മിന്റോ ആശുപത്രിയിലെ ഡോക്ടർമാർ ഈ നിർദേശം മുന്നോട്ടുവെച്ചത്. പടക്കങ്ങൾ ഉപയോഗിക്കുന്നവർ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും കുട്ടികൾ മുതിർന്നവരുടെ നിരീക്ഷണത്തിൽ മാത്രമേ പടക്കങ്ങൾ പൊട്ടിക്കാവൂ എന്നും ആരോഗ്യവിദഗ്ധർ ഓർമിപ്പിച്ചു.ഡോക്ടർമാരുടെ ആവശ്യം സർക്കാർ പരിഗണിച്ച് ഔദ്യോഗിക നിർദേശം പുറപ്പെടുവിക്കണമെന്ന് ഡോക്ടർമാർ പ്രതീക്ഷ പ്രകടിപ്പിച്ചു.
SUMMARY: Diwali; Doctors to make protective glasses mandatory for crackers buyers















